തൊടുപുഴ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള ഭരണഘടനാ ഭേദഗതി സംവരണത്തിന്റെ സാമൂഹ്യപരമായ യുക്തിയെയും തത്വശാസ്ത്രത്തെയും പരാജയപ്പെടുത്തുന്ന നടപടിയാണെന്ന് എസ്. എൻ. ഡി. പി യോഗം മുൻ പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗർ പ്രസ്ഥാവനയിൽ പറഞ്ഞു. കേരള ജനസംഖ്യയുടെ 20 ശതമാനത്തിൽ താഴെ മാത്രം വരുന്ന മുന്നാക്ക വഭാഗത്തിന് 60 ശതമാനം വരുന്ന കേരളത്തിലെ പിന്നാക്ക-സംവരണ വിഭാഗങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ കൂടുതൽ മെഡിക്കൽ സീറ്റുകൾ സംവരണം ചെയ്യപ്പെടുന്ന നടപടി വലിയ സാമൂഹ്യ അനീതിയാണ്. ഈ അനീതിക്കെതിരെ പിന്നാക്ക വിഭാഗ സംഘടനകൾ ഒറ്റക്കെട്ടായി പ്രതികരിക്കാൻ തയ്യാറാകണം. എൽ. ഡി. എഫ് ഗവൺമെന്റ് അടിയന്തിരമായി വിഷയത്തിൽ ഇടപ്പെട്ട് നീതിപൂർവ്വമായി സംവരണം നടപ്പാക്കപ്പെടുന്നു എന്നുറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..