manual

ചെറുതോണി: ഇതര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ലഭിക്കുന്നതുപോലെ ജില്ലയിലെ ജനങ്ങൾക്ക് ജീവിക്കാള്ള അവസരം നിഷേധിക്കുന്നത് അവസാനിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗവുമായ തമ്പി മാനുങ്കൽ ആവശ്യപ്പെട്ടു.
ചെറുതോണിയിൽ നടന്നുവരുന്ന റിലേ സത്യാഗ്രഹസമരത്തിന്റെ 57ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന കാർഷികോല്പന്നങ്ങളുടെ ഉല്പാദനക്കുറവ്, വിലയിടിവ്, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയ സാഹചര്യങ്ങളാൽ ജീവിതം വഴിമുട്ടിനിൽക്കുന്നവരെ വീണ്ടും ദുരിതത്തിലേക്ക് നയിക്കുന്ന ഭൂപതിവ് നിയമങ്ങൾ, സർവ്വകക്ഷി യോഗതീരുമാനമനുസരിച്ച് എത്രയുംവേഗം നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത്ഫ്രണ്ട് തൊടുപുഴ നിയോജകമണ്ഡലം സെക്രട്ടറി ഷിജോ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സതീഷ് കേശവൻ, പുറപ്പുഴ മണ്ഡലം വൈസ് പ്രസിഡണ്ട് സിനു തോമസ് എന്നിവർ സത്യാഗ്രഹം അനുഷ്ടിച്ചു. ജില്ലാ സെക്രട്ടറി വി.എ ഉലഹന്നാൻ ആമുഖ പ്രസംഗവും സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ മുഖ്യ പ്രഭാഷണവും നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ജനറൽസെക്രട്ടറി ടോമി തൈലംമനാൽ, ജില്ലാ സെക്രട്ടറിയേറ്റംഗം മാത്യൂ പുല്ലൻകുന്നേൽ, കാമാക്ഷിമണ്ഡലം പ്രസിഡന്റ് ബെന്നി പുതുപ്പാടി, ജില്ലാ കമ്മറ്റിയംഗം ജോർജ് കുന്നത്ത്, കെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.ആർ സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു. ബുധനാഴ്ച്ച നടക്കുന്ന സത്യാഗ്രഹസമരം കെ.പിസി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എ യുമായ എ.കെ മണി ഉദ്ഘാടനം ചെയ്യും.