മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് അരുവിക്കുഴി ടൂറിസം പദ്ധതിയും

വാഗമൺ വേസൈഡ് അമിനിറ്റി സെന്ററും

ഇടുക്കി: വെള്ളച്ചാട്ടവും മലനിരകളുമടങ്ങുന്ന ജില്ലയുടെ ടൂറിസം രംഗത്ത് നടപ്പിലാക്കിയ പുതിയ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വിനോദസഞ്ചാരികൾക്ക് കാഴ്ച്ചകൾ കാണാൻ മാത്രമല്ല സ്വസ്ഥമായ ഇടങ്ങളിൽ താമസിച്ച് വിദൂര ദൃശ്യങ്ങൾ മതിയാവോളം കാണുന്നതിനുമുള്ള അവസരമൊരുക്കുന്ന പദ്ധതികൾക്കാണ് ഇന്ന് തുടക്കമാകുന്നത്. അരുവിക്കുഴി ടൂറിസം പദ്ധതിയുടെയും വാഗമൺ ഏലപ്പാറ റൂട്ടിൽ വേസൈഡ് അമിനിറ്റി സെന്ററിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും.ഇരുപദ്ധതികളുടെയും ഉദ്ഘാടനചടങ്ങിൽ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും . മന്ത്രി എം.എം.മണി വിശിഷ്ടാതിഥിയായും അഡ്വ. ഡീൻ കുര്യാക്കോസ് എം. പി മുഖ്യാതിഥിയായും പങ്കെടുക്കും.ചടങ്ങിൽ ഇ.എസ്.ബിജിമോൾ എം.എൽ.എ. സ്വാഗതം പറയും.ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് മുഖ്യ പ്രഭാഷണം നടത്തും. വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ പി.ബാലകിരൺ റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കളക്ടർ എച്ച്.ദിനേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് സണ്ണി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാരായ ആർ.രാജേന്ദ്രൻ , ആൻസി ബിജു എന്നിവർ പ്രസംഗിക്കും.

അരുവിക്കുഴി യിൽ

4.98 കോടിയുടെ പദ്ധതി

തേക്കടിയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഗ്രാമീണാന്തരീക്ഷത്തിൽ വിശ്രമിക്കുന്നതിനും അരുവിക്കുഴി വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കുന്നതിനുമായാണ് വിനോദ സഞ്ചാര വകുപ്പ് നാല് കോടി 98 ലക്ഷം മുടക്കി അരുവിക്കുഴി ടൂറിസം പദ്ധതി പൂർത്തിയാക്കിയത്. ചക്കുപള്ളം ടൂറിസം സർക്ക്യൂട്ടിന്റെ ഭാഗമാണിത്. സഞ്ചാരികൾക്ക് തമിഴ്‌നാടിന്റെ വിദൂര ദൃശ്യഭംഗി ആസ്വദിക്കുന്നതിനായി അമിനിറ്റി സെന്റർ, നടപ്പാത, റെയിൻ ഷെൽട്ടറുകൾ തുടങ്ങിയ സൗകര്യങ്ങൾ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

വാഗമൺ കാഴ്ച്ചയ്ക്ക്

അമിനിറ്റി സെന്റർ


കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ സന്ദർശിക്കുന്ന സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാര വകുപ്പ് 98 ലക്ഷം ചിലവഴിച്ച് വാഗമൺ ഏലപ്പാറ റൂട്ടിൽ വേസൈഡ് അമിനിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ദൃശ്യഭംഗിയും ദൂരക്കാഴ്ച്ചയുമുള്ള തേയില തോട്ടങ്ങളുടെ നടുവിൽ നിർമ്മിച്ച വേസൈഡ് അമിനിറ്റി സെന്ററിൽ വിശ്രമിച്ച് കൊണ്ട് സമീപത്തുള്ള അണ്ണൻ തമ്പി മലനിരകളുടെ കാഴ്ച്ച ആസ്വദിക്കാനാവും. പദ്ധതിയുടെ ഭാഗമായി കോഫീ ഷോപ്പ്, പാർക്കിംഗ് സൗകര്യം, ടോയ്‌ലെറ്റ് തുടങ്ങിയ ഒരുക്കിയിട്ടുണ്ട്.