
തൊടുപുഴ: ഇതുപോലെ പൂർണമായും തകർന്ന റോഡ് സമീപപ്രദേശങ്ങളിലെങ്ങുംകാണില്ല. അതേ ഇടവെട്ടി റോഡിലൂടെ ഒരുവട്ടമെങ്കിലും സഞ്ചരിച്ചവർ ഇങ്ങനെ പറഞ്ഞ്പോകും.മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി) വലതുകര കനാലിന്റെ ഭാഗമായി നിർമ്മിച്ച ഈ റോഡ് എം.വി.ഐ.പി റോഡെന്നാണ് അറിയപ്പെടുന്നത്. ഇടവെട്ടി പഞ്ചായത്തിൽ ആറര കിലോ മീറ്റർ ദൂരമാണ് റോഡുള്ളത്. റോഡിൽ മിക്കയിടത്തും പേരിന് പോലും ടാറിംഗ് ഇല്ലാത്ത അവസ്ഥയാണ്. മഴ പെയ്താൽ റോഡേതാ കനാലേതാ എന്ന് തിരിച്ചറിയില്ല.
ചെളി നിറഞ്ഞ് വെള്ളക്കെട്ടായതിനാൽ കാൽനടയാത്രക്കാർക്ക് പോലും ഈ വഴി ഇപ്പോൾ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. കുഴിയിൽ വെള്ളം കെട്ടി കിടക്കുന്നതോടെ ആഴമറിയാതെ എത്തി അപകടത്തിൽപ്പെടുന്നതും പതിവാണ്. മഴമാറി വെയിലെത്തിയാൽ പിന്നെ പൊടി ശല്യവും രൂക്ഷമാണ്.
പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടത് വാഹന യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. വഴി തകർന്ന് കിടക്കുന്നതിനാൽ ഓട്ടോറിക്ഷകൾ ഓട്ടം വിളിച്ചാൽ പോലും ഇതുവഴി വരാറില്ലെന്ന് നാട്ടുകാർ പറയുന്നു. രോഗികളെയും മറ്റുമായി പോകുന്നവരാണ് ഏറെയും വലയുന്നത്. ഇടവെട്ടി പഞ്ചായത്ത് ആഫീസ്, കാരിക്കോട് വില്ലേജ് ആഫീസ്, വിവിധ ക്ഷേത്രങ്ങൾ, സ്‌കൂളുകൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഈ റോഡിന്റെ ഇരുവശങ്ങളിലുമായുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമായി നൂറ് കണക്കിന് വീടുകളുണ്ട്, ആയിരക്കണക്കിന് താമസക്കാരും. ഇവരെല്ലാം പുറം ലോകവുമായി ബന്ധപ്പെടാൻ ഉപയോഗിക്കുന്ന ഏക വഴിയാണിത്. മേഖലയിലെ താമസക്കാർക്ക് എളുപ്പത്തിൽ തൊടുപുഴയ്ക്കും മുട്ടം ഭാഗത്തേക്കും പോകാൻ സാധിക്കുന്ന വഴിയാണ് ഇത്തരത്തിൽ വർഷങ്ങളായി തകർന്ന് കിടക്കുന്നത്.
റോഡ് ആരുടെ ആരുടെ ഉത്തരവാദിത്വത്തിൽ....
ആർക്കാണ് റോഡ് നന്നാക്കാനുള്ള ഉത്തരവാദിത്തമെന്ന തർക്കമാണ് ഈ റോഡിന്റെ ദുർഗതിക്ക് കാരണം. സാധാരണയായി എം.വി.ഐ.പി റോഡുകൾ അറ്റകുറ്റപണി നടത്താൻ പഞ്ചായത്തിന് സാധിക്കില്ല. ഇത് പഞ്ചായത്ത് വകയല്ല എന്നതാണ് കാരണം. എന്നാൽ കനാൽ അറ്റകുറ്റപണിക്ക് അല്ലാതെ സാധാരണ ജലസേചന വകുപ്പ് ഫണ്ട് നൽകാറുമില്ല. എന്നാൽ ഏറെ കാലത്തെ ആവശ്യത്തിന് ശേഷം കഴിഞ്ഞ വർഷം ജലസേചന വകുപ്പ് പഞ്ചായത്തിന് 46,28,042 രൂപ അനുവദിച്ചു. ടാർ ചെയ്യാൻ നീക്കം നടക്കുകയും ടെണ്ടർ നടപടി പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ എക്‌സിക്യൂട്ടീവ് എൻജിനിയർ നടത്തിയ പരിശോധനയിൽ റോഡ് പൂർണമായും തകർന്നെന്ന് കണ്ടെത്തി. അറ്റകുറ്റപണി പോരെന്നും റോഡ് പുനർനിർമ്മിക്കേണ്ടി വരുമെന്നും ഭരണസമതിയിയെ അറിയിച്ചു. ഇതോടെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇതിനായി റിവിഷൻ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ നിലവിലെ ഫണ്ടുപയോഗിച്ച് ടാർ ചെയ്യാവുന്ന ദൂരം കുറയും.