ചെറുതോണി: ഇടുക്കി വില്ലേജിൽ ഭൂമി സർവ്വെ ചെയ്യുന്നതിനായി സർക്കാർ മൂന്ന് പേർ വീതമുള്ള രണ്ട് സംഘത്തെ നിയമിച്ചിട്ടുണ്ടന്ന് തഹസീൽദാർ അറിയിച്ചു. ഇവർക്കുപുറമെ പല സ്വകാര്യ വ്യക്തികളെയും വിളിച്ച് സ്ഥലമുടമകൾ സർവ്വെ നടത്തുന്നതായി വിവരം ലഭിച്ചിട്ടുള്ളതായി ഇടുക്കി തഹസിൽദാർ വിൻസന്റ് ജോസഫ് പറഞ്ഞു. സ്വകാര്യ വ്യക്തികൾ സർവ്വെചെയ്യുന്ന സ്ഥലത്തിന് പട്ടയം നൽകില്ലെന്നും തഹസിൽദാർ അറിയിച്ചു. ഇത്തരക്കാർ ജനങ്ങളിൽ നിന്നും രണ്ടായിരവും മൂവായിരവും കൈപ്പറ്റിയാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. പട്ടയനടപടികളുടെ ഭാഗമായി ഭൂമി സർവ്വെചെയ്യുന്നതിന് ജനങ്ങൾ പണം നൽകരുതെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നതാണ്. പണം വാങ്ങുന്ന സർവ്വേ ഉദ്യോഗസ്ഥരുടെ പേരിൽ നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ നിയോഗിച്ചിരിക്കുന്ന സർവ്വെയർമാർ ജോലിചെയ്യാതെ സ്വകാര്യ സർവ്വയർമാരെക്കൊണ്ട് ഭൂമി സർവ്വെ ചെയ്യിച്ച് താലൂക്ക് ഓഫീസിൽ പട്ടയത്തിനായി നൽകുകയാണന്ന് കണ്ടെത്തിയിട്ടുണ്ട്. സർക്കാർ സർവ്വെയർമാരല്ലാതെ സ്വകാര്യ വ്യക്തികളെ സർവ്വെ നടപടികൾക്ക് നിയോഗിച്ചിട്ടില്ല. ഇവരെ നിയോഗിച്ചിരിക്കുന്ന സർക്കാർ സർവ്വെയർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഭൂമി സർവ്വെ ചെയ്ത് തീരില്ലെന്ന് സ്ഥലഉടമകളെ തെറ്റിദ്ധരിപ്പിച്ചാണ് സ്വകാര്യ സർവ്വെയർമാർ സർവ്വെ ഏറ്റെടുത്ത് പണംപിരിവ് നടത്തുന്നത്. ഇടുക്കി താലൂക്കിൽ സർവ്വെചെയ്യാനാവശ്യമായ സർവ്വെയർമാരെ നിയോഗിക്കും. നിലവിലുള്ള സർവ്വെയർമാർക്ക് പുറമെ എട്ടുപേരെക്കൂടെ പുതുതായി നിയോഗിക്കുമെന്നും തഹസിൽദാർ അറിയിച്ചു.