ഇടുക്കി: പെരുവന്താനത്ത് എസ്.എൻ.ഡി.പി യോഗം കൊടിമരം കൈയേറി പാർട്ടി പതാക ഉയർത്തിയ സി. പി.എം നടപടി ആസൂത്രിത നീക്കമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ. എസ്.എൻ.ഡി.പി യോഗം കൊടിമരത്തിൽ പതാക ഉയർത്തിയ സംഭവം ശ്രീനാരായണീയ ഭക്തരോടുള്ള വെല്ലുവിളിയാണ്. ആസൂത്രിതമായി പാർട്ടി പതാക ഉയർത്തിയ ശേഷം വിവാദമായപ്പോൾ മാപ്പു പറഞ്ഞ് തടിയൂരാൻ ശ്രമിക്കുകയാണ്. വർഷങ്ങളായി പ്രദേശത്തുള്ള കൊടിമരം എസ്.എൻ.ഡി.പി യോഗത്തിന്റേതാണെന്ന് അറിഞ്ഞിട്ടും കൈയ്യേറിയത് അംഗീകരിക്കാനാവില്ല. ഭരണത്തിന്റെ മറവിൽ മത സമുദായങ്ങളെ പോലും വെറുതെ വിടാൻ സി.പി.എം തയ്യാറാകുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.