തൊടുപുഴ: കൊവിഡ് പരത്താൻ ഇടയാക്കുന്നുവെന്ന് ആരോപിച്ച് മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധിച്ച ആറു പേരെ പൊലീസ് അറസ്റ്റു ചെയ്തു. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഇടത്തിപ്പറമ്പിൽ ഷാജി (49), മാളിയേക്കൽ നിസാർ (48), ചെങ്ങനാൽ ഷംസുദ്ദീൻ (53), തെക്കേടത്ത് റഷീദ് (50), വടക്കേപ്പറമ്പിൽ മുജിബ് (40) , കവണിപ്പറമ്പിൽ മുജീബ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് സംഘടിച്ചവർക്കെതിരെ കൊവിഡ് നിയന്ത്രണ നിരോധന നിയമത്തിന്റെ പേരിലാണ് കേസെടുത്തതെന്ന് തൊടുപുഴ സി.ഐ സുധീർ മനോഹർ പറഞ്ഞു. തൊടുപുഴ- മൂവാറ്റുപുഴ പാതയിൽ വെങ്ങല്ലൂർ സിഗ്‌നൽ ജംഗ്ഷനു സമീപം നീരാളി മത്സ്യ മൊത്തവ്യാപാര കേന്ദ്രത്തിനു മുന്നിലാണ് തിങ്കളാഴ്ച രാത്രി ഏതാനും പേർ സംഘടിച്ചെത്തി പ്രതിഷേധിച്ചത്. മത്സ്യവുമായി ഇവിടെയെത്തിയ വാഹനങ്ങൾ ഇവർ തടഞ്ഞു. പൊലീസെത്തിയെങ്കിലും പിൻമാറാൻ തയ്യാറാകാതെ രാത്രി വൈകിയും പ്രതിഷേധം തുടർന്നതോടെ പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും സംഘർഷാവസ്ഥ ഉണ്ടാകുകയായിരുന്നു. പ്രതിഷേധക്കാർ സ്ഥാപനത്തിനു നേരെ എറിഞ്ഞ കല്ലുകൾ പൊലീസുകാരുടെ ദേഹത്തും പതിച്ചു. തുടർന്ന് പൊലീസ് ലാത്തി വീശി സ്ഥിതി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തിലെ ജീവനക്കാർക്കടക്കം കൊവിഡ് ബാധിച്ചിരുന്നതായും സ്ഥാപനം തുറന്നാൽ രോഗ വ്യാപനത്തിനിടയാക്കുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. കൊവിഡ് ക്ലസ്റ്ററായ വെങ്ങല്ലൂരിൽ പെട്ടിക്കടകൾ വരെ അടപ്പിച്ചെങ്കിലും ഈ സ്ഥാപനം മാത്രം തുറന്നു പ്രവർത്തിക്കുന്നതായും ഇവർ ആരോപിച്ചു. കൊവിഡ് ക്ലസ്റ്റർ മേഖലയിൽ തുറന്നു പ്രവർത്തിക്കുന്ന സ്ഥാപനം അടപ്പിക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സ്ഥാപനം തുറന്നു പ്രവർത്തിക്കാൻ കോടതിയുടെ അനുവാദമുണ്ടെന്നാണ് സ്ഥാപന അധികൃതർ പറയുന്നത്.