തേക്കടി: മഞ്ഞിൽ നനഞ്ഞ നിൻ കുഞ്ഞിച്ചിറകുകൾ
കോതി ഒതുക്കുന്നു കുഞ്ഞിക്കിളി...
ഈ സന്ധ്യ നേരം ഈ മരച്ചില്ലയിൽ
നീ മാത്രം എന്തേ തനിച്ചിരിപ്പൂ...
മനോഹരിയായ തേക്കടി തടാകതീരത്തെത്തിയാൽ ഈ സുന്ദരകവിത കവിയുടെ ശബ്ദത്തിൽ തന്നെ കേൾക്കാം. പെരിയാർ ടൈഗർ റിസർവിൽ പ്രൊട്ടക്ഷൻ വാച്ചറായ വി.വി. അഗസ്റ്റിനാണ് തേക്കടിയുടെ സ്വന്തം കവി. കാമ്പുള്ള കവിതകളെഴുതുമെന്ന് മാത്രമല്ല അത് സ്വതസിദ്ധമായ ശൈലിയിൽ മനോഹരമായി ആലപ്പിക്കുകയും ചെയ്യും. അതിനാൽ തന്നെ തേക്കടിയിലെത്തുന്ന വിനോദസഞ്ചാരികൾക്കെല്ലാം പ്രിയങ്കരനാണ് അഗസ്റ്റിൻ. കുമളിക്കാരനായ അഗസ്റ്റിന് ചെറുപ്പം മുതൽ കവിതകൾ ജീവനാണെങ്കിലും അധികനാളായില്ല എഴുത്തിലേക്ക് തിരിഞ്ഞിട്ട്. പഠിക്കുന്ന കാലത്ത് കടമ്മനിട്ട, ചുള്ളിക്കാട്, സുഗതകുമാരി തുടങ്ങിയവരുടെ കവിതകൾ ചൊല്ലുമായിരുന്നു. അന്നേ കവിയെന്ന് പേര് കൂടെയുണ്ട്. കുട്ടിക്കാലത്ത് തന്നെ അച്ഛൻ മരിച്ചതിനാൽ വീട്ടിലെ കഷ്ടപ്പാടുകാരണം പ്രീഡിഗ്രി വരെ മാത്രമാണ് പഠിക്കാനായത്. ഒരു പതിറ്റാണ്ട് മുമ്പ് ബാല്യകാലത്തെക്കുറിച്ചായിരുന്നു ആദ്യ കവിത. സ്വന്തം അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചും പിന്നീട് എഴുതി. അഗസ്റ്റിൻ രചിച്ച 'കുഞ്ഞിക്കിളി" എന്ന കവിത സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.എസ്. ബിജിമോൾ എം.എൽ.എയ്ക്ക് വേണ്ടി അഗസ്റ്റിനെഴുതിയ പ്രചരണഗാനം ഹിറ്റായിരുന്നു. പത്തിലേറെ കവിതകളെഴുതിയിട്ടുള്ള 59 കാരന് സിനിമയിലെ ഗാനരചയിതാവാകണമെന്നാണ് സ്വപ്നം. തേക്കടിയിലെത്തുന്ന സിനിമാക്കാരെയെല്ലാം പരിചയപ്പെടുകയും അവരെ കവിതകൾ ചൊല്ലികേൾപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ആരെയും അവസരം ചോദിച്ച് ബുദ്ധിമുട്ടിക്കാറില്ല. നല്ലൊരു ചിത്രകാരൻ കൂടിയാണ് അഗസ്റ്റിൻ. പാരലൽ കോളേജ് അദ്ധ്യാപികയായ ആൻസിയാണ് ഭാര്യ . വിദ്യാർത്ഥികളായ ചിപ്പിയും അനുവും മക്കളാണ്.