ഇടുക്കി: ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ വികസന സ്ഥിതി വിലയിരുത്തി ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (ജി.പി.ഡി.പി) തയ്യാറാക്കുന്നതിനായുളള മിഷൻ അന്ത്യോദയ സർവ്വേ ജില്ലയിൽ ആരംഭിക്കുന്നു. ഗ്രാമപഞ്ചായത്തുകളുടെ അടിസ്ഥാന സൗകര്യങ്ങൾ, ജനസംഖ്യ, മനുഷ്യവിഭവശേഷി, വിദ്യാഭ്യാസസാമൂഹികക്ഷേമസ്ഥാപനങ്ങൾ, കാർഷിക രംഗത്തെ അടിസ്ഥാനസേവന സൗകര്യങ്ങൾ, വിപണി ബാങ്കിംഗ് സൗകര്യം, വിവിധ പൊതു ആസ്തികൾ എന്നിവയുടെ വിവരശേഖരണമാണ് നടത്തുന്നത്. സർവ്വേ വിവരങ്ങൾ ഇതിനായി തയ്യാറാക്കിയ പ്രത്യേകപോർട്ടലിൽ അപ്‌ലോഡ് ചെയ്യും. തുടർന്ന്‌ദേശീയ തലത്തിൽ റാങ്കിംഗും ഉണ്ടാകും. ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെനേത്യത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെയും വികസന വകുപ്പുകളുടെയും സഹായത്തോടെയാണ് ജിയോ ടാഗിംഗ് ഉൾപ്പെടുത്തി സർവ്വേ നടത്തുന്നത്. ജില്ലാ കളക്ടർ എച്ച്.ദിനേശൻ സർവ്വേ ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിച്ചു. വിവരശേഖരണം നടത്തുന്ന ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം ഉദ്യോഗസ്ഥർ,ബ്ലോക്ക്തല എക്സ്റ്റൻഷൻ ഓഫീസർമാർ, എന്നിവർക്കുളള പരിശീലനം നടത്തി. ജില്ലാ പ്ലാനിംഗ് ഓഫീസർഡോ. സാബു വർഗ്ഗീസ്, ഇക്കണോമിക്സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുനിൽ അഗസ്റ്റിൻ ,പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർജോസഫ്, എ.ഡി.സി ജനറൽ ശ്രീലേഖ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ സോഫിജേക്കബ്, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ എം.എം ഷാഹൂൽ ഹമീദ്, റിസർച്ച് ഓഫീസർ അജീഷ്‌ജോസഫ് എന്നിവർ പങ്കെടുത്തു. സർവ്വേ പ്രവർത്തനങ്ങൾ നവംബർ 15 നകം പൂർത്തീകരിക്കും.