ഇടുക്കി: ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലെ നിലവിലുളള ഭരണ സമിതിയുടെ കാലാവധി നവംബർ 11 ന് അവസാനിക്കുന്നതിനാൽ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വെബിനാറുകൾ സംഘടിപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി നിർദ്ദേശിച്ചു. വാർഡ് തലത്തിലും വെബിനാർ സംഘടിപ്പിക്കണം. കിലയുടെ സാങ്കേതിക സഹായവും ലഭ്യമാകും. പൊതുസ്ഥലങ്ങളിൽ മികച്ച നിലവാരത്തിലുളള ടോയ്ലറ്റ് നിർമ്മാണത്തിനായുളള ടേക്ക് എ ബ്രേക്ക്, എൽ.ഇ.ഡി ബൾബുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിനുളള നിലാവ് പദ്ധതി, ഡയാലിസിസ് രോഗികൾക്ക് സഹായം നൽകുന്നതിനുളള പ്രോജക്ടുകൾ എന്നിവയും മറ്റ് അനിവാര്യ ഭേദഗതികളും ഉൾപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച ഭേദഗതി ചെയ്ത വാർഷിക പദ്ധതി യോഗം അംഗീകരിച്ചു. കേരളപ്പിറവി ദിനത്തിൽ ജില്ലയിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏറ്റെടുക്കുന്ന കാർഷിക വിപണികളുടെ ഫലപ്രദമായ നടത്തിപ്പിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് ജില്ലാ കളക്ടർ എച്ച്. ദിനേശൻ, നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ ആസൂത്രണ സമിതി ചെയർപേഴ്സൺ കൊച്ചുത്രേസ്യാ പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ.സാബു വർഗ്ഗീസ്, ആസൂത്രണ സമിതിയംഗങ്ങൾതുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.