
ഇടവെട്ടി: തൊണ്ടിക്കുഴ ക്ഷേത്രത്തിന് സമീപത്ത് നിന്ന് മുതലക്കോടം ഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. പഞ്ചായത്തിന്റെയും നഗരസഭയുടെയും കീഴിൽ വരുന്ന റോഡിൽ പഞ്ചായത്തിന്റെ കീഴിൽ വരുന്ന 300 മീറ്ററോളം ഭാഗമാണ് പൂർണമായും തകർന്ന് കിടക്കുന്നത്. റോഡിന്റെ ചിലഭാഗങ്ങൾ കോൺക്രീറ്റ് ചെയ്‌തെങ്കിലും പത്ത് വർഷത്തോളമായി അറ്റകുറ്റപണി പോലും മറ്റ് ഭാഗങ്ങളിൽ നടന്നിട്ടില്ല. ഇതോടെ ഇതുവഴി യാത്ര ചെയ്യാനാകാതെ പ്രദേശവാസികൾ ദുരിതം അനുഭവിക്കുകയാണ്. റോഡ് ടാർ ചെയ്യാനായി ഫണ്ട് ഇല്ലെന്നാണ് വാർഡ് മെമ്പർ പറയുന്നത്. ഘട്ടം ഘട്ടമായി റോഡ് കോൺക്രീറ്റ് ചെയ്യാമെന്ന് അറിയിച്ചെങ്കിലും കാലാവധി തീരാറാകുമ്പോഴും അര കിലോ മീറ്ററിലധികം വരുന്ന പഞ്ചായത്ത് വക റോഡ് ഇതുവരെയും പൂർണമായി നിർമ്മിക്കാനായിട്ടില്ല. വർഷങ്ങളെടുത്താണ് 300 മീറ്ററോളം ഭാഗത്തിന്റെ പണി പൂർത്തിയാക്കിയത്.