 
ഇടുക്കി: പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതി പുനരാരംഭിച്ചു. പദ്ധതിയുടെ ഭാഗമായ ജനറേറ്റിംഗ് സ്റ്റേഷന്റെ നിർമ്മാണോദ്ഘാടനം വൈദ്യുതി മന്ത്രി എംഎം മണി വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ വൈദ്യുത ഉത്പാദനം വർധിപ്പിക്കാനും മെച്ചപ്പെട്ട സേവനം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
30 മെഗാവാട്ടിന്റെ 2 ജനറേറ്ററുകളാണ് പദ്ധതിയുടെ ഭാഗമായി വൈദ്യുതി ഉത്പാദനത്തിന് സജ്ജമാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കാനാകും. പ്രതിവർഷം 153 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. 67 കോടി രൂപയാണ് പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയത്. 2021 മേയ് മാസത്തിൽ ആദ്യ ജനറേറ്റർ പ്രവർത്തനക്ഷമമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് കെഎസ്ഇബിയുടെ തീരുമാനം. പദ്ധതിയുടെ ഭാഗമായ ടണലിന്റെയും പെൻസ്റ്റോക്കിന്റെയും നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
2007ൽ നിർമ്മാണോദ്ഘാടനം നടത്തിയെങ്കിലും പലകാരണങ്ങളാലും നിർമ്മാണം തടസ്സപ്പെട്ടു. പദ്ധതി പ്രദേശത്തെ പ്രശ്നങ്ങളും, കാലവസ്ഥയും, സാങ്കേതിക പ്രശ്നങ്ങളുമാണ് പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിച്ചത്.
പള്ളിവാസൽ എക്സറ്റൻഷൻ സ്‌കീം കാര്യാലയത്തിൽ ചേർന്ന യോഗത്തിൽ കെഎസ്ഇബി ട്രാൻസ്മിഷൻ ഡയറക്ടർ ആർ.സുകു അദ്ധ്യക്ഷത വഹിച്ചു. സിവിൽ ആന്റ് ജനറേഷൻ ഡയറക്ടർ ബിബിൻ ജോസഫ്, കൺസ്ട്രക്ഷൻ ചീഫ് എഞ്ചിനീയർ ഷാനവാസ്, ജനറേഷൻ ചീഫ് എഞ്ചിനീയർ സിജി ജോസ്, പള്ളിവാസൽ എക്സറ്റൻഷൻ സ്‌കീം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു കല്ലൂപ്പറമ്പിൽ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ഹരിദാസ്(പ്രൊജ്ര്രക് മാനേജർ), എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) ബിജു മാർക്കോസ് തുടങ്ങിയവർ സംസാരിച്ചു.