
തൊടുപുഴ: നിർമ്മാണം പൂർത്തീകരിച്ച മുട്ടം ,കുമാവ് പൊലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 26 ന് നടത്താൻ തീരുമാനം. ആഗസ്റ്റ് 15 ന് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പെട്ടിമുടി - കരിപ്പൂർ ദുരന്തങ്ങളെ തുടർന്ന് മാറ്റി.ആഭ്യന്തര വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 1കോടി 80 ലക്ഷം ചിലവഴിച്ചാണ് രണ്ട് സ്റ്റേഷനുകളുടെയും നിർമ്മാണം നടത്തിയത്. സർക്കാരിന്റെ അക്രഡിഷൻ ഏജൻസിയായ സ്റ്റീൽ ഇൻഡസ്ട്രിയൽ കേരള ലിമിറ്റഡിനായിരുന്നു ( സിൽക്ക് ) രണ്ട് സ്റ്റേഷനുകളുടെയും നിർമ്മാണ ചുമതല. സിൽക്ക് ഉപ കരാർ നൽകിയ എറണാകുളത്തുള്ള സ്വകാര്യ കമ്പനിയാണ് അത്യാധുനിക സൗകര്യങ്ങളോടെ രണ്ട് സ്റ്റേഷനുകളും നിർമ്മിച്ചത്.നിർമ്മാണം ആരംഭിച്ചെങ്കിലും സമ്പത്തിക പ്രതിസന്ധിയെ തുടർന്ന് രണ്ട് കെട്ടിടങ്ങളുടെയും തുടർ പ്രവർത്തികൾ ഇടക്ക് സ്തംഭിച്ചിരുന്നു.എന്നാൽ മാദ്ധ്യമ വാർത്തകളെ തുടർന്ന് അടിയന്തിരമായി ഫണ്ട് അനുവദിച്ച് നിർമ്മാണം പൂർത്തീകരിക്കുകയായിരുന്നു.കഴിഞ്ഞ ജൂൺ മാസത്തോടെ രണ്ട് കെട്ടിടങ്ങളുടെയും നിർമ്മാണം പൂർത്തീകരിച്ചിരുന്നു.