തൊടുപുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പിനായി പാർട്ടി പൂർണ സജ്ജമാണെന്നും വാർഡ് തലങ്ങൾ വരെയുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി.തൊടുപുഴ, കട്ടപ്പന നഗരസഭകളിലും പാർട്ടിക്ക് സ്വാധീനമുള്ള വിവിധ പഞ്ചായത്തുകളിലെ നൂറോളം വാർഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും പാർട്ടി മൽസരിക്കുമെന്നും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ വാർഡ്/ പഞ്ചായത്ത് /നിയോജക മണ്ഡലം തലങ്ങളിൽ നവംബർ ആദ്യവാരം പൂർത്തിയാക്കി ജില്ലാ പാർലമെന്ററി ബോർഡിനു കൈമാറാൻ അതത് ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. നവംബർ 10 ന് ചേരുന്ന ജില്ലാ പാർലമെന്ററി ബോർഡ് സ്ഥാനാർത്ഥിപ്പട്ടിക അന്തിമമായി പരിഗണിക്കാനും മുന്നണി തല ചർച്ചകൾ അതിനകം പൂർത്തിയാക്കി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനും തീരുമാനിച്ചു. തൊടുപുഴലീഗ് ഹൗസിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാ നേതൃയോഗത്തിൽ പ്രസിഡന്റ് എം.എസ് മുഹമ്മദ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എം.എ ഷുക്കൂർ, ജില്ലാ ജനറൽ സെക്രട്ടറി പി.എം. അബ്ബാസ്, ട്രഷറർ കെ.എസ്. സിയാദ് എന്നിവർ തിരഞ്ഞെടുപ്പ് സംബന്ധമായ ചർച്ചകൾക്ക് നേതൃത്വം നൽകി.