നെടുങ്കണ്ടം: കൊവിഡ് രോഗം ഭേദമായി ആശുപത്രിയിൽ നിന്ന് വീട്ടിൽ മടങ്ങിയെത്തിയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചിട്ട് മൂന്ന് മണിക്കൂറോളം മൃതദേഹം മാറ്റിയില്ലെന്ന് പരാതി. ചൊവാഴ്ച വൈകിട്ട് നാലിന് പുഷ്പകണ്ടം കടയാടിയിൽ അളകർസ്വാമിയാണ് (37) മരിച്ചത്. അളകർസ്വാമിക്ക് ഈ മാസം അഞ്ചിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റയിരുന്നു. 17ന് കൊവിഡ് ഭേദമായതിനെ തുടർന്ന് അളകർസ്വാമിയെ ഡിസ്ച്ചാർജ് ചെയ്തു. വീട്ടിലെത്തിയ ശേഷം സമീപത്തെ മറ്റൊരുവീട്ടിൽ നീരീക്ഷണത്തിൽ കഴിയുകയായിരുന്നു. ചൊവാഴ്ച വൈകിട്ട് മക്കളെ കാണാനായി മലമുകളിലെ വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. തുടർന്ന് മൃതദേഹം മാറ്റാൻ കഴിയാതെ മൂന്ന് മണിക്കൂർ നിലത്ത് കിടന്നു. യാത്രാസൗകര്യമില്ലാത്ത സ്ഥലത്ത് നിന്ന് പുഷ്പകണ്ടം ചരുവിളപുത്തൻവീട്ടിൽ പ്രദീപ് മണ്ണിശേരിൽ ഷാജി മുണ്ടിയെരുമ സ്വദേശികളായ സോണി, അനീഷ് എന്നിവരുടെ സഹായത്താൽ മൃതദേഹം ഒരു കിലോമീറ്റർ ചുമന്ന് അംബുലൻസിന് സമീപം എത്തിക്കുകയായിരുന്നു.കൊവിഡ് ടെസ്റ്റ് നടത്തിയ ശേഷം മൃദേഹം സംസ്‌കരിച്ചു.