തൊടുപുഴ: ഫലവൃക്ഷങ്ങളുടെ വ്യാപനത്തിനായി സർക്കാർ നടപ്പാക്കുന്ന 'ഒരു കോടി ഫലവൃക്ഷ തൈകൾ പദ്ധതി" മുളയിലെ നുള്ളിയ സ്ഥിതിയിൽ. പദ്ധതി നടത്തിപ്പിലെ പിഴവ് കാരണം ആയിരക്കണക്കിന് തൈകളാണ് കൃഷിഭവനുകളിൽകിടന്ന് നശിക്കുന്നത്. ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ഒരു കോടി ഫല വൃക്ഷത്തൈകൾ നടണം. പ്ലാവ്, മാവ്, തെങ്ങ് തുടങ്ങിയ വർഷങ്ങൾ ആയുസുള്ള ഫല വൃക്ഷങ്ങളാണ് യഥാർത്ഥത്തിൽ നൽകേണ്ടത്. എന്നാൽ ഇപ്പോൾ മുരിങ്ങ, പാഷൻ ഫ്രൂട്ട്, പേര, ആത്ത, കപ്പളം, പുളി തുടങ്ങിയവയുടെ തൈകളാണ് ഫല വൃക്ഷത്തൈകൾ എന്ന പേരിൽ നൽകുന്നത്. എന്നാൽ ഇത്തരത്തിൽ എല്ലായിടത്തും സുലഭമായി ലഭിക്കുന്ന തൈകൾ കർഷകർക്ക് വേണ്ട. വാളൻ പുളി പോലുള്ളവ 10 സെന്റിൽ ഒന്ന് മാത്രമേ നടാവൂ. സ്ഥല ലഭ്യതയുടെ കുറവും മറ്റ് വിളകളെ ബാധിക്കുമെന്നതിനാലും അപൂർവ്വം കർഷകർ മാത്രമാണ് പുളി നടാൻ തയ്യാറാകൂ. എന്നാൽ പുളിയുടെ നൂറ് കണക്കിന് തൈകളാണ് കൃഷിഭവനുകളിൽ എത്തിച്ചിരിക്കുന്നത്. കൊവിഡ് കാരണം ഒട്ടുമിക്ക കൃഷിഭവനുകളിലും ദിവസേന ഒന്നോ രണ്ടോ കർഷകർ മാത്രമാണ് എത്തുന്നത്. ഇവർക്ക് പോലും ഇത്തരം തൈകൾ വേണ്ട. കൃഷിവകുപ്പ് വഴി തൈകൾ ആവശ്യമുള്ള കർഷകരുടെ കണക്കുകൾ ശേഖരിച്ച ശേഷമല്ല ഈ തൈകൾ കൃഷിഭവനുകളിൽ കൊണ്ടു വന്ന് തള്ളുന്നത്. സംസ്ഥാനത്തെ വിവിധ ഫാമുകളിൽ നിന്നാണ് കൃഷിഭവനുകളിൽ തൈ എത്തിക്കുന്നത്. ഇത് ഇറക്കുന്നതിനുള്ള കൂലി ചില പഞ്ചായത്തുകൾ കൃഷിഭവന് നൽകും. ഇത്തരത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഫണ്ട് നൽകാത്തയിടങ്ങളിൽ തൈകൾ തിരിച്ചയക്കരുതെന്ന നിബന്ധന ഉള്ളതിനാൽ ഉദ്യോഗസ്ഥർ തന്നെ സ്വന്തം കൈയിലെ പണം മുടക്കിയാണ് ഇറക്കുന്നത്. ബഡ്, ഗ്രാഫ്‌റ്റ് തുടങ്ങിയ രീതികൾ അവലംബിച്ച് തയ്യാറാക്കിയ ഹൈബ്രിഡ് തൈകളായിരുന്നെങ്കിൽ കർഷകർ പിന്നെയും വാങ്ങുമായിരുന്നു.
ആരും വാങ്ങാതെ നശിക്കുന്നു
പദ്ധതി പ്രാവർത്തികമാക്കിയതായി ഉറപ്പ് വരുത്താൻ ഓരോ കൃഷി ഭവനുകളിലും ഇറക്കിയ ആയിരക്കണക്കിന് തൈകൾ കൈപ്പറ്റിയ കർഷകരുടെ പേര് വിവരങ്ങൾ അവരുടെ ഒപ്പ് സഹിതം ശേഖരിച്ച് കൃഷി വകുപ്പ് ഡയറക്ടറേറ്റിലേക്ക് അയക്കണം. എന്നാൽ 90 % തൈകളും കർഷകർ കൈപ്പറ്റാത്തതിനാൽ കൃഷിഭവൻ കോമ്പൗണ്ടിൽ കൂട്ടിയിട്ട് ഇവ നശിപ്പിക്കുകയാണിപ്പോൾ ചെയ്യുന്നത്. ദിവസങ്ങളായി കൂട്ടിയിട്ടിരിക്കുന്നതിനാൽ ഭൂരിഭാഗവും ഉണങ്ങിയും നശിക്കുന്നുണ്ട്.കർഷകരുടെ വീടുകളിൽ എത്തിച്ച് നൽകാനുള്ള സംവിധാനമുണ്ടായിരുന്നെങ്കിൽ പൂർണമായും നശിക്കാതെ കുറേക്കൂടി വിതരണം ചെയ്യാമായിരുന്നു. എന്നാൽ ഇതിന് ഫണ്ടില്ലാത്തതിനാൽ കോടികൾ മുടക്കി തയ്യാറാക്കിയ ലക്ഷക്കണക്കിന് തൈകളാണ് വിവിധ കൃഷിഭവനുകളിൽ കിടന്ന് നശിക്കുന്നത്.