ആലക്കോട്: കർഷക പ്രതിസന്ധി നാളുകളിൽ ക്ഷീരമേഖല ശക്തിപ്പെടേണ്ടത് അനിവാര്യമാണെന്ന് പി.ജെ. ജോസഫ് എം.എൽ.എ പറഞ്ഞു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 42 ലക്ഷം രൂപയുടെ ഇൻസന്റീവ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇളംദേശം ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകളിൽ മൂവായിരത്തോളം ക്ഷീരകർഷകർക്ക് പാലളവിനുള്ള ഇൻസന്റീവ് തുക കർഷകരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കുന്നതാണ് പദ്ധതി. കാലിത്തീറ്റ വിതരണം, സ്വാന്ത്വനം സമഗ്ര ഇൻഷുറൻസ് പദ്ധതി, വനിതാ ക്ഷീരകർഷകർക്ക് കറവപ്പശു വാങ്ങൽ സഹായ പദ്ധതി, സ്റ്റീൽ പാൽപാത്ര പദ്ധതി തുടങ്ങി ക്ഷീരമേഖലയിൽ മൂന്നു കോടി രൂപയോളം ഫലവത്തായി ചിലവഴിച്ച ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനെ പി.ജെ. ജോസഫ് അഭിനന്ദിച്ചു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം, ബ്ലോക്ക് മെമ്പർമാരായ ഗൗരി സുകുമാരൻ, സാജു മാത്യു, ജിജി സുരേന്ദ്രൻ, എം. മോനിച്ചൻ, സുജ ഷാജി, രാജീവ് ഭാസ്‌കരൻ, ബിന്ദു പ്രസന്നൻ, ഷൈനി അഗസ്റ്റിൻ, അജിത സാബു, പി.ഐ. മാത്യു, ബേസിൽ ജോൺ. ബി.ഡി.ഒ കെ. ജെയ്‌മോൻ, ഡി.ഇ.ഒ എം.പി. സുധീഷ്, എം.യു. സലീന, കെ.ബി. അനിൽകുമാർ, ടി.ആർ. ദീപ, കെ. ശ്രീദേവി, എം.സി രമ എന്നിവർ പ്രസംഗിച്ചു.