തൊടുപുഴ : കുടുംബ കോടതിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതിയും സാമ്പത്തികാനുമതിയും ലഭിച്ചതായി പി.ജെജോസഫ് എം.എൽ.എ. അറിയിച്ചു. 6.50 കോടി രൂപയാണ് പദ്ധതിത്തുക. മുട്ടം കോടതി കോംപ്ലാക്സ് കോമ്പൗണ്ടിൽ കെട്ടിട നിർമ്മാണത്തിന് നേരത്തെ ഭരണാനുമതി നൽകിയിരുന്നു. ഇപ്പോൾ കുടുംബ കോടതി പ്രവർത്തിക്കുന്നത് തൊടുപുഴ സിവിൽ സ്റ്റേഷനിലാണ്. മൂന്നു നിലകളിൽ നിർമ്മിക്കുന്ന കെട്ടിടത്തിനു 27400 സ്‌ക്വയർ ഫീറ്റ് വിസ്തീർണ്ണമുണ്ടാകും. വാഹന പാർക്കിംഗിന് ബെയ്സ്‌മെന്റ് ഫ്‌ളോറിൽ സൗകര്യമുണ്ടാകും. ഒന്നാം നിലയിൽ കോടതി ഹാൾ, ഓഫീസ് സൗകര്യവുമാണുള്ളത്. ആവശ്യമായ ശുചിമുറികൾ, കോൺഫറൻസ് ഹാൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വെയിറ്റിംഗ് റൂമുകൾ, മീഡിയേഷൻ ഹാൾ, ലൈബ്രറി, പൊലീസ് ഡ്യൂട്ടി റൂം എന്നിവയ്ക്ക് പുറമേ ശുദ്ധജല ലഭ്യതയും, മാലിന്യ നിർമ്മാർജ്ജന പദ്ധതികളും ഉണ്ടാകും. നിർമ്മാണ ജോലികൾ ഉടൻ ടെണ്ടർ ചെയ്യുമെന്ന് പി.ജെ. ജോസഫ് പറഞ്ഞു.