
ഏലപ്പാറ :വേസൈഡ് അമിനിറ്റി സെന്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു. ടൂറിസം മന്ത്രി കടകംപള്ളി സരേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. മന്ത്രി എം.എം.മണി ,അഡ്വ. ഡീൻ കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രാദേശികമായി സംഘടിപ്പിച്ച ചടങ്ങ് ഇ.എസ്.ബിജിമോൾ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 19 ടൂറിസം കേന്ദ്രങ്ങളെ ഉൾപ്പെടുത്തിയുള്ള പീരമേട് ടൂറിസം സർക്യൂട്ടിന് ഭരണാനുമതി ലഭ്യമായതായും ഇതിന്റെ ഭാഗമായി കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള നിർമ്മാണങ്ങൾ ഉടൻ തുടങ്ങുമെന്നും എം.എൽ.എ. അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ഡി.റ്റി.പി.സി. സെക്രട്ടറി ഇൻ ചാർജ്ജ് ഗിരീഷ്.പി.എസ്.സ്വാഗതം പറഞ്ഞു. കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാൻ വാഴൂർ സോമൻ സംസാരിച്ചു.
കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നായ വാഗമൺ സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് വിനോദ സഞ്ചാര വകുപ്പ് 98 ലക്ഷം രൂപ ചിലവഴിച്ച് വാഗമൺ ഏലപ്പാറ റൂട്ടിൽ വേസൈഡ് അമിനിറ്റി സെന്ററിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.