kseb

ഇടുക്കി: ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കുതിക്കുന്നു. 24 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിയാണ് ചിന്നാറിൽ ഒരുങ്ങുന്നത്. പദ്ധതിയുടെ ഭാഗമായ 3.2 കിലോമീറ്റർ വരുന്ന ടണൽ നിശ്ചയിച്ചതിനും രണ്ടുമാസം മുമ്പേ പൂർത്തിയാക്കിയാണ് പദ്ധതി പൂർത്തീകരണത്തിലേയ്ക്ക് വേഗത്തിൽ അടുക്കുന്നത്. . 269.87 കോടി രൂപയാണ് നിർമാണ ചെലവ്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പ്രതിവർഷം 76.45 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പ്പാദിക്കാമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. നിലവിലെ സാഹചര്യത്തിൽ നിശ്ചയിച്ച സമയത്തിനും മുൻപേ പദ്ധതി കമ്മീഷൻ ചെയ്യാൻ കഴിയുമെന്ന് പ്രൊജക്ട് മാനേജർ എസ്.പ്രദിപ് പറഞ്ഞു.

24 മെഗാവാട്ടിന്റെ ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണം 2018 മാർച്ചിലാണ് ആരംഭിച്ചത്. 2020 ഒക്ടോബറിൽ പദ്ധതിയുടെ 65 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയാക്കി. 2022 മാർച്ചിൽ പദ്ധതി കമ്മീഷൻ ചെയ്യാനാണ് കെഎസ്ഇബിയുടെ തീരുമാനം. പെരിഞ്ചാംകൂട്ടി പുഴയിൽ തടയണകെട്ടി അവിടെ നിന്ന് 3.3 കിലോ മീറ്റർ ടണൽ വഴി വെള്ളം പനംകൂട്ടിയിലെ പവ്വർഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉത്പാദനം നടത്തുക..

അനുമോദിച്ചു

ജില്ലയിൽ കെഎസ്ഇബി പദ്ധതികൾ വിശകലനം നടത്തുന്നതിനും ചിന്നാർ ജൈലവൈദ്യുത പദ്ധതി, പള്ളിവാസൽ എക്സ്റ്റൻഷൻ പദ്ധതിയുടെ നിർമ്മാണ പുരോഗതികൾ വിലയിരുത്തുന്നതിനും കെഎസ്ഇബി ഡയറക്ടർമാരുടെ നേതൃത്വത്തിൽ ചെങ്കുളം പവ്വർഹൗസ് കോൺഫറൻസ് ഹാളിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ചിന്നാർ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ടണൽ നിർമ്മാണത്തിൽ പങ്കുവഹിച്ച കോൺട്രാക്ടർമാരെയും തൊഴിലാളികളെയും അനുമോദിച്ചു. . യോഗത്തിൽ കെഎസ്ഇബി സിവിൽ ആന്റ് ജനറേഷൻ ഡയറക്ടർ ബിബിൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ട്രാൻസ്മിഷൻ ഡയറക്ടർ ആർ.സുകു, കൺസ്ട്രക്ഷൻ ചീഫ് എഞ്ചിനീയർ എ.ഷാനവാസ്, ജനറേഷൻ ചീഫ് എഞ്ചിനീയർ സിജി ജോസ്, ചിന്നാർ ജലവൈദ്യുത പദ്ധതി പ്രൊജക്ട് മാനേജർ എസ്.പ്രദീപ്, പള്ളിവാസൽ എക്സറ്റൻഷൻ സ്‌കീം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജു കല്ലൂപ്പറമ്പിൽ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വി.വി ഹരിദാസ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) ബിജു മാർക്കോസ്, അസിസ്റ്റന്റ് എഞ്ചിനീയർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.