25 പച്ചത്തുരുത്തുകളിലും മാപ്പത്തോൺ പൂർത്തിയാക്കി

തൊടുപുഴ : ജില്ലയിലെ പച്ചത്തുരുത്തുകളെ തൊട്ടറിയാൻ ഡിജിറ്റൽ സംവിധാനമൊരുങ്ങുന്നു.സ്‌റ്റേറ്റ് ഐ.ടി. മിഷന്റെ സാങ്കേതിക സഹായത്തോടെയാണ് മാപ്പത്തോൺ സംവിധാനത്തിലാക്കുന്നത്.ജില്ലയിലെ 25 പച്ചത്തുരുത്തുകളുടെയും മാപ്പത്തോൺ പൂർത്തിയാക്കി. ഈ ഡിജിറ്റൽ ഫയലുകൾ തുടർനടപടികൾക്കായി ഐടി മിഷന് നൽകിയതായി ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ജി എസ് മധു പറഞ്ഞു.

ലോകത്തിന്റെ ഏതു കോണിലിരുന്നുകൊണ്ടും കേരളത്തിലെ ഹരിതകേരളം മിഷൻ പച്ചത്തുരുത്തുകളെ അറിയുന്നതിനാണ് ഉപഗ്രഹ മാപ്പിംഗിലൂടെ സാദ്ധ്യമാകുന്നത്. ഓരോ പച്ചത്തുരുത്തും സ്ഥിതിചെയ്യുന്ന സ്ഥലം,വിസ്തീർണ്ണം,ഇനം,വൃക്ഷത്തൈകൾവള്ളിച്ചെടികൾകുറ്റിച്ചെടികൾ എന്നിവയുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ അറിയാൻ ഈ സംവിധാനത്തിലൂടെ സാധിക്കും.കാലാകാലങ്ങളിൽ ഓരോ പച്ചത്തുരുത്തും നേരിട്ട് സന്ദർശിച്ച് പുതുക്കിയ വിവരങ്ങൾ മാപ്പത്തോണിൽ രേഖപ്പെടുത്തുകയുമാകാം.തൈകളേതെങ്കിലും നശിച്ചുപോയെങ്കിൽ അവയ്ക്ക് പകരം തൈ നടാനും ഈ സംവിധാനത്തിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപകാരപ്രദമാകും.പച്ചത്തുരുത്തുകൾക്ക് ഉദ്ദേശിച്ച വളർച്ചയെത്തുന്നതുവരെയുള്ള പരിപാലനം കുറ്റമറ്റനിലയിൽ നിർവ്വഹിക്കാനും കഴിയും.

ഹരിതകേരളം മിഷന്റ റിസോഴ്സ് പേഴ്സൺമാരായ എം പി ശശികുമാർ, വി എ പീതാംബരൻ, കെ ജി അരുൺകുമാർ, ഗീത സാബു,അമലു ഷാജു,എം സലിം,ഫെലിക്സ് തങ്കച്ചൻ, അലൻ മാർട്ടിൻ ടോമി, യംഗ് പ്രൊഫഷണലുകളായ മേഘരാജൻ, എബി വർഗീസ് ,അശ്വതി കൃഷ്ണൻ, മനീഷ ലൂക്കോസ്,ആഗ്നസ് മരിയ ആന്റണിഎന്നിവർ വിവിധ ഗ്രൂപ്പുകളായി ഓരോ ഇടങ്ങളും സന്ദർശിച്ചാണ് പച്ചത്തുരുത്തുകളുടെ മാപ്പത്തോൺ പൂർത്തിയാക്കിയത്.