ചെറുതോണി: വഞ്ചിത കർഷക സമൂഹമെന്നപേരിൽ മൂന്നുചെയിനിലെ ജനങ്ങൾ 5 ദിവസമായി അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസ് പടിക്കൽ നിൽപ്പ് സമരം നടത്തിവരികയാണ്. റവന്യു മന്ത്രി പീരുമേട് എം.എൽ.എ വഴി നൽകിയ ഉറപ്പ് പാലിച്ച് എത്രയും വേഗം പട്ടയം നൽകുവാൻ നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാരി സമിതി അംഗവും മുൻ എം.പിയുമായ കെ. ഫ്രാൻസീസ് ജോർജ് ആവശ്യപ്പെട്ടു.ഇടുക്കി ഡാമിന്റെ ക്യാച്‌മെന്റ് ഏരിയായിൽ വരുന്ന കാഞ്ചിയാർ,അയ്യപ്പൻ കോവിൽ, ഉപ്പുതറ പഞ്ചായത്തുകളിലെ പത്തുചെയിൻ പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ കൈവശഭൂമിക്ക് പട്ടയം നൽകുവാൻ തീരുമാനിച്ചതായി അറിയിച്ചുവെങ്കിലും ഏഴുചെയിനിലെ കുറേ അപേക്ഷകർക്കു മാത്രമാണ് പട്ടയം നൽകിയിട്ടുള്ളത്. മൂന്നുചെയിനിലുള്ളവർക്കും പട്ടയം നൽകുമെന്ന് പല പ്രാവശ്യം അധികാരികൾ അറിയിച്ചുവെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. മൂന്നുചെയിനിലെ ജനങ്ങളെ തിരിഞ്ഞുനോക്കാൻ ആദ്യമുണ്ടായിരുന്നവരാരും ഇപ്പോഴില്ലാത്ത അവസ്ഥയാണ്.
റവന്യു മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടാതിരുന്നാൽ കേരളാ കോൺഗ്രസ് നേതൃത്വത്തിൽ വഞ്ചിത കർഷകസമരസമിതിയോട് ചേർന്ന് സമരങ്ങളാരംഭിക്കുമെന്നും ഫ്രാൻസീസ് ജോർജ് അറിയിച്ചു.