തൊടുപുഴ : കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി കാരണം വീട്ടുവാടക കുടിശികയായതിന്റെ പേരിൽ വാടക വീട്ടിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ച ജലഅതോറിറ്റിയുടെ നടപടിയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ജല അതോറിറ്റി തൊടുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം.
തൊടുപുഴ സ്വദേശിനി രാധാ ശ്രീകുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി. വാടക കുടിശികയുടെ പേരിൽ വീട്ടുടമ ഇവരുടെ വീടിന്റെ ഗേറ്റ് താഴിട്ട് പൂട്ടിയിരുന്നു. ഇതിന് ശേഷമാണ് ജല അതോറിറ്റി കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത്. വീട്ടുടമക്ക് വാടക നൽകാത്തതിന്റെ പേരിൽ സർക്കാർ സ്ഥാപനം കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചത് നിയമവിരുദ്ധമാണെന്നാണ് പരാതി.