കുമളി:കുമളി ചെക്ക് പോസ്റ്റ് വഴി എത്തുന്ന ജീപ്പുകൾ കാണുമ്പോൾ വഴിയാത്രക്കാർ ഓടിമാറും, അത്രമാത്രം അപകടമായാണ് വരവ്. തൊഴിലാളികളെ കുത്തിനിറച്ചുള്ള മത്സര ഓട്ടം നിത്യവും കാണുന്നുണ്ടെങ്കിലും അധികൃതർ കണ്ണടയ്ക്കുകയാണ്. തമിഴ്നാട്ടിൽനിന്ന് പ്രതിദിനം 500ൽ അധികം ജീപ്പുകളാണ് തൊഴിലാളികളുമായി കുമളി ചെക്ക്‌പോസ്റ്റ് വഴി എത്തുന്നത്. ഓരോ ജീപ്പിലും പരമാവധി ആളുകളെ കുത്തിനിറച്ച് കടന്ന് പോകുന്നത്.പുലർച്ചെ അഞ്ചുമുതൽ അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ തൊഴിലാളികളുമായെത്തുന്ന വാഹനങ്ങളുടെ നീണ്ട നിരയാണ്. അധികം ആളുകളുമായി വരുന്നതിനാൽ വൺഡേ പാസിന് വാങ്ങുന്ന തുകയിൽ ചില കൃത്രിമത്വങ്ങൾ നടക്കുന്നതായി ആക്ഷേപമുണ്ട്.
ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള കൊവിഡ് പരിശോധനാ കേന്ദ്രത്തിലും വലിയ തിരക്കാണ്. ഇതിനിടയിലാണ് തൊഴിലാളികളെ കുത്തിനിറച്ചുള്ള ജീപ്പുകൾ കടന്നു പോകുന്നത്. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവന്നതോടെ തമിഴ്നാട്ടിൽനിന്നും കൂട്ടത്തോടെയാണ് ആളുകൾ എത്തുന്നത്. രാവിലെ മുതൽ കുമളി അമ്പലകവല മുതൽ തൊഴിലാളികളെ തൊട്ടങ്ങളിൽ എത്തിക്കുന്നതിനുള്ള ജീപ്പുകളുടെ നീണ്ട നിരയാണ്.തമിഴ്നാട്ടിൽ നിന്നും തോട്ടങ്ങളിലേയ്ക്കുള്ള തൊഴിലാളികളെ കുത്തിനിറച്ചാണ് ജീപ്പുകൾ കടന്നു പോകുന്നത്.
തൊഴിലാളികളുമാെയെത്തുന്ന ജീപ്പുകൾക്ക് ഇത് ചാകരക്കാലമാണ്. ദിവസവും 1500 മുതൽ 2500 രൂപ വരെയാണ് ദിവസ വാടക.തൊഴിലാളികളുമായി ട്രിപ്പ് നടത്തുന്നതെല്ലാം സ്വകാര്യ വാഹനങ്ങളാണ്. കുമളിക്കും ഒന്നാം മൈലിനുമിടയിൽ രാവിലെ ഏഴര വരെയുള്ള സമയം മത്സര ഓട്ട ജീപ്പുകൾ കൈയടക്കിയിരിക്കയാണ്. ലോക്കഡൗണിന് മുമ്പ് തൊഴിലാളികൾ അധികവും ബസിലാണ് എത്തിയിരുന്നത്. കുമളിവരെ ഇപ്പോൾ ബസുകൾ എത്താതായതാണ് ജീപ്പുകൾ അധികമായി ഇവിടേക്കു വരാൻ കാരണം.
എല്ലാം തോന്നുംപടി
ശരിയായ രീതിയിൽ അല്ലാതെ പേരിനുമാത്രമാണ് മാസ്‌ക്ക് ധരിക്കുന്നത്. വാഹനത്തിലായതിനാൽ മാസ്‌ക്ക് വയ്ക്കാതെ എത്തുന്നവരുമുണ്ട്. അതിർത്തിയിലെ കൊവിഡ് പരിശോധന കേന്ദ്രത്തിൽ ആന്റിജൻ ടെസ്റ്റ് നിർബന്ധമാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.