pj-joseph

തൊടുപുഴ: കേരള കോൺഗ്രസ് എം.ജോസ് വിഭാഗം എൽ.ഡി.എഫ് ഘടകകക്ഷിയായതിനു പിന്നാലെ, കെ.എം മാണിയുടെ മരുമകൻ എം.പി ജോസഫ് യു.ഡി.എഫ് പക്ഷത്തുനിൽക്കുന്ന പി.ജെ ജോസഫുമായി ചർച്ച നടത്തി. പി.ജെ.ജോസഫിന്റെ തൊടുപുഴ പുറപ്പുഴയിലുള്ള വീട്ടിലായിരുന്നു ചർച്ച. താൻ യു.ഡി.എഫിൽ തുടരുമെന്ന് എം.പി ജോസഫ് പറഞ്ഞു.പാലായിൽ ജോസ് കെ.മാണി മത്സരിക്കുന്ന സാഹചര്യമുണ്ടായാൽ യു.ഡി.എഫിനു വേണ്ടി മത്സരിക്കാൻ തയ്യാറാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ യു.ഡി.എഫിനൊപ്പം നിലകൊണ്ടയാളാണ് കെ.എം മാണി. അതുകൊണ്ട് തന്നെ ജോസ്.കെ മാണിയുടെ ഇടതുമുന്നണി പ്രവേശനം അംഗീകരിക്കാനാവില്ല.ജോസ്.കെ മാണിയുടെ ഇടത് പ്രവേശനത്തിൽ പാർട്ടിയിലെ ഭൂരിഭാഗത്തിനും അതൃപ്തിയാണെന്നും കൂടുതൽ പേർ ജോസ് വിഭാഗം വിട്ടു വരുമെന്നും പി. ജെ. ജോസഫ് പ്രതികരിച്ചു. എം.പി ജോസഫിന്റെ ഭാര്യയും കെ.എം മാണിയുടെ മകളുമായ സാലിയെയാണ് പാല ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി താൻ നിർദ്ദേശിച്ചതെന്ന് പി.ജെ ജോസഫ് വെളിപ്പെടുത്തിയിരുന്നു.