ചെറുതോണി : അറക്കുളം പഞ്ചായത്തിന്റെ ഭാഗമായി വലിയമാവ് പട്ടികവർഗ്ഗ കോളനിയുടെ അടിസ്ഥാന വികസനത്തിനായി ഒരു കോടി രൂപയുടെ പദ്ധതിക്ക് തുക അനുവദിച്ച് ഉത്തരവായതായി റോഷി അഗസ്റ്റിൻ എം.എൽ.എ അറിയിച്ചു. അംബേദകർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതിപട്ടികവർഗ്ഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി അനുവദിച്ചിട്ടുള്ളത്. കോളനിക്കുള്ളിലെ റോഡുകളുടെ നിർമ്മാണം, വൈദ്യുതീകരണം, കുടിവെള്ള പദ്ധതി, പൊതു കളിസ്ഥല നിർമ്മാണം, കമ്മ്യൂണിറ്റി ഹാൾ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത്. കോളനിയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി ഉടൻ വിളിച്ചു ചേർക്കുമെന്നും എം.എൽ.എ അറിയിച്ചു.