തൊടുപുഴ: സാമ്പത്തിക സംവരണം നടപ്പിലാക്കുന്ന സർക്കാർ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ ജാതി തിരിച്ചുള്ള പട്ടിക പ്രസിദ്ധീകരിക്കാൻ തയ്യാറാവണമെന്ന് എസ് എൻ ഡി പി യോഗം യൂത്ത് മൂവ്‌മെന്റ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.

സാമ്പത്തിക സംവരണത്തിലൂടെ സമുദായിക സംവരണം അട്ടിമറിക്കുന്ന ശ്രമിക്കുന്ന നീക്കങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യൂത്ത് മൂവ്‌മെന്റ് മുന്നിട്ടിറങ്ങും. സംവരണ അട്ടിമറിയുടെ ദൂഷ്യഫലങ്ങൾ സാമൂഹ്യനീതിയെ എങ്ങനെ ബാധിക്കും എന്നതു മുൻനിർത്തി യുവാക്കളുടെ ഇടയിൽ ശക്തമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും യൂത്ത് മൂവ്‌മെന്റ് തുടക്കം കുറിച്ചിരിക്കുകയാണ് . ജില്ലാ നേതൃ യോഗങ്ങൾക്ക് ശേഷം യൂണിയൻ ശാഖാ തല വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും തൊടുപുഴയിൽ ചേർന്ന ജില്ലാ നേതൃയോഗം തീരുമാനിച്ചു.

യൂത്ത് മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് പ്രവീൺ വട്ടമല അദ്ധ്യക്ഷനായ യോഗം കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. കേന്ദ്രസമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യ പ്രഭാഷണം നടത്തി.രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം ബി ശ്രീകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി വൈസ് പ്രസിഡന്റ് .ശ്രീജിത്ത് മേലാംങ്കോട്, ജോ.സെക്രട്ടറിമാരായ സജീഷ് മണലേൽ, അനിൽ കണ്ണാടി, കേന്ദ്ര സമിതി കൗൺസിൽ അംഗങ്ങളായ സന്തോഷ് മാധവൻ, അനന്ദ് കൊടിയാനിച്ചിറ എന്നിവർ സംഘടനാ സന്ദേശം നൽകി.സൈബർ സേനാ കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ നവമാദ്ധ്യമ രംഗത്ത് യുവാക്കളുടെ പങ്ക് എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. എസ്. എൻ. ഡി. പി യോഗം തൊടുപുഴ യൂണിയൻ കൺവീനർ വി.ജയേഷ് , വൈസ് ചെർമാൻ ഡോ.കെ.സോമൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വിനോദ് പീരുമേട് സ്വാഗതവും ട്രഷറർ ജോബി വാഴാട്ട് നന്ദിയും പറഞ്ഞു.ജില്ലയിലെ വിവിധ യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് യോഗത്തിൽ പങ്കെടുത്തു.