കട്ടപ്പന: കാർഷിക -ഭവന - വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി വിവധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് കുടിശികയായ കർഷകരെ ജപ്തി ചെയ്യാനുള്ള നടപടി നിർത്തി വയ്ക്കണമെന്ന് ചെറുകിട കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. 30 ന് ഇടുക്കികളക്‌ട്രേറ്റ് പടിക്കൽ കർഷകർ ധർണ്ണ നടത്തും.കഴിഞ്ഞ രണ്ട് വർഷമായി പേമാരിയും കാലവർഷക്കെടുതിയും മൂലം പൊറുതിമുട്ടിയ കർഷകർക്ക് കനത്ത വിളനാശവും വിലയിടിവുമാണുണ്ടായത്. തുടർന്നുണ്ടായ കൊവിഡും തൊഴിലില്ലായ്മയ്ക്ക് ഇടവരുത്തി.ഇടുക്കി പാക്കേജിനായി സർക്കാർ നീക്കിവച്ച 5000 കോടിയിൽ 100 കോടി കുട്ടികളുടെ വിദ്യാഭ്യാസ ലോണിനായി അടച്ചുതീർക്കണമെന്നും യോഗം ആവശ്യപ്പെട്ടു.ടോമി തെങ്ങുംപള്ളിൽ അദ്ധ്യക്ഷത വഹിച്ചു. ഫെഡറേഷൻ പ്രസിഡന്റ് വൈ.സി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സെബാസ്റ്റ്യൻ ജോർജ്ജ് , പി.പി മാത്യു, രാജേന്ദ്രൻ മാരിയിൽ, എം.കെ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.