തൊടുപുഴ: നഗരത്തിൽ ടയർകട കത്തി നശിച്ചു. തൊടുപുഴമൂവാറ്റുപുഴ റൂട്ടിൽ ആനക്കൂട് കവലയ്ക്കു സമീപം പ്രവർത്തിക്കുന്ന ടയർ പ്ലാസ എന്ന ടയർ വ്യാപാര സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഇതിന്റെ എതിർവശത്തായി പെട്രോൾ പമ്പുമുണ്ടായിരുന്നു. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. ഉടമ കടയടച്ചു പോയതിനു ശേഷമാണ് അഗ്‌നിബാധയുണ്ടായത്. കടയിൽ നിന്നും പുക ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം ഫയർഫോഴ്‌സിനെ അറിയിച്ചത്. തൊടുപുഴ ഫയർസ്റ്റേഷനിൽ നിന്നും രണ്ടു യൂണിറ്റും കല്ലൂർക്കാടു നിന്നും ഒരു യൂണിറ്റും സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കി. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ പുകയെത്തിയെങ്കിലും തീ പടരാതെ ഫയർഫോഴ്‌സ് നിയന്ത്രിച്ചു. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ.