തൊടുപുഴ: സംസ്ഥാനത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് വയനാടിനൊപ്പം ഇടുക്കിയും പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ പിന്നിലായിരുന്നു. എന്നാൽ പടിപടിയായി ഓരോദിവസവും പ്രതിദിന രോഗികളുടെ എണ്ണം കൂടുന്ന കാഴ്ചയാണ് കാണുന്നത്. ജില്ലയിലെ രണ്ട് ദിവസത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇതാദ്യമായി 350 കടന്നു. ഇന്നലെ 152 പേർക്കും ശനിയാഴ്ച 201 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിന കണക്കിൽ ആദ്യമായാണ് രോഗികളുടെ എണ്ണം 200 കടക്കുന്നത്. ശനിയാഴ്ച 49 പേരും ഇന്നലെ 94 പേരും കൊവിഡ് രോഗമുക്തരായി.

തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത പതിയെ പൊതുജനങ്ങൾക്ക് ഇല്ലാതായെങ്കിലും ആരോഗ്യവകുപ്പ് ശ്രദ്ധപുലർത്തിയിരുന്നു. എന്നാൽ അടുത്തിടെയുണ്ടായ ചില സംഭവങ്ങൾ ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്നും അലംഭാവമുണ്ടാകുന്നുണ്ടെന്ന ആക്ഷേപത്തിന് ശക്തിപകരുകയാണ്. തൊടുപുഴ നഗരത്തിൽ നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള ഉണ്ടപ്ലാവിന് സമീപം കൊവിഡ് സ്ഥിരീകരിച്ച യുവതിയെ ആശുപത്രിയിലെത്തിക്കാൻ 24 മണിക്കൂർ സമയമെടുത്തത് ഇതിനൊരു ഉദാഹരണമാണ്. വാർഡ് കൗൺസിലർ പലതവണ വിവരമറിയിച്ചിട്ടും ആംബുലൻസ് വിടാൻ അധികൃതർ തയ്യാറായില്ല. ഒടുവിൽ യുവതിയെ കൊണ്ടുപോകാനെത്തിയ ആംബുലൻസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. പത്തനംതിട്ടയിൽ കൊവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവത്തിന് ശേഷം നിർബന്ധമായും ആംബുലൻസിൽ ആരോഗ്യപ്രവർത്തകയുണ്ടാകണമെന്ന് നിർദേശമുണ്ടായിട്ടും പാലിച്ചില്ല. ഇതിനടുത്ത ദിവസം തന്നെയാണ് നെടുങ്കണ്ട ത്ത് കൊവിഡ് ഭേദമായ രോഗി കുഴഞ്ഞ് വീണ് മരിച്ചിട്ട് മണിക്കൂറുകളോളം ആരും തിരിഞ്ഞുനോക്കാത്തത്. പ്രദേശവാസികളായ ചില യുവാക്കളാണ് മൃതദേഹം ചുമന്ന് മാറ്റിയത്. കട്ടപ്പനയിൽ സ്രവം നൽകാത്ത വ്യക്തിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് വിളിച്ച് അറിയിച്ചതും അടുത്തിടെയാണ്. ഇത്തരത്തിൽ കൊവിഡ് പ്രതിരോധത്തിൽ വീഴ്ചകളുണ്ടായാൽ ഇടുക്കിയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടക്കും. ഈ സാഹചര്യമുണ്ടായാൽ മറ്റ് ജില്ലകളിലെ പോലെ ചികിത്സാസംവിധാനങ്ങളില്ലാത്ത ഇടുക്കിയിൽ സ്ഥിതി ഗുരുതരമാകും.

രണ്ട് ദിവസത്തെ രോഗികൾ

അടിമാലി (21)​

ആലക്കോട് (11)​

അയ്യപ്പൻകോവിൽ (17)​

ചക്കുപള്ളം (നാല്)​

ചിന്നക്കനാൽ (രണ്ട്)​

ദേവികുളം (മൂന്ന്)​

ഇടവെട്ടി (ഒമ്പത്)​

കാമാക്ഷി (മൂന്ന്)

കാഞ്ചിയാർ (ഏഴ്)​

കഞ്ഞികുഴി (ഒന്ന്)​

കരിമണ്ണൂർ (12)​

കരുണാപുരം (15)​

കട്ടപ്പന (അഞ്ച്)​

കൊക്കയാർ (അഞ്ച്)

കുമാരമംഗലം (ഒന്ന്)​

കുമളി (14)​

മണക്കാട് (രണ്ട്)

മറയൂർ (രണ്ട്)

മരിയാപുരം (രണ്ട്)

മൂന്നാർ (മൂന്ന്)

മുട്ടം (നാല്)​

നെടുങ്കണ്ടം (41)​

പള്ളിവാസൽ (നാല്)​

പാമ്പാടുംപാറ (19)​

രാജകുമാരി (രണ്ട്)

ശാന്തൻപാറ (മൂന്ന്)

സേനാപതി (ഒന്ന്)​

തൊടുപുഴ (34)​

ഉടുമ്പൻചോല (36)

ഉടുമ്പന്നൂർ (ആറ്)​

ഉപ്പുതറ (ഒന്ന്)​

വണ്ടിപ്പെരിയാർ (ഒമ്പത്)​

വണ്ണപ്പുറം (രണ്ട്)​

വാത്തികുടി (ഒന്ന്)​

വെള്ളത്തൂവൽ (13)​

അറക്കുളം (രണ്ട്)​

ഇരട്ടയാർ (ഒന്ന്)​

കോടിക്കുളം (ഒന്ന്)​

കൊന്നത്തടി (നാല്)​

കുടയത്തൂർ (മൂന്ന്)​

പീരുമേട് (അഞ്ച്)

പെരുവന്താനം (അഞ്ച്)

വട്ടവട (ഒന്ന്)​

വാഴത്തോപ്പ് (ഒന്ന്)​

വെള്ളിയാമാറ്റം (15)