തൊടുപുഴ: കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വിദ്യാഭ്യാസ വായ്പകളുടെ പലിശ എഴുതിത്തള്ളണമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. കെ.എസ്.സി (എം) 57-ാം ജന്മദിനം തൊടുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾ കവർന്നെടുക്കാതെ വേണ്ടത്ര കൂടിയാലചനകളോടുകൂടി നടപ്പാക്കണം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന് മുൻഗണന നൽകി സ്‌കൂളുകളുടെയും കോളേജുകളുടെയും പാഠ്യപദ്ധതി പുനർക്രമീകരിക്കണം. നേതാക്കളും അണികളും ഇല്ലാത്ത ദുർബല വിഭാഗമായി ജോസ് കെ. മാണി വിഭാഗം ശുഷ്‌കിച്ചു. കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. രാഖേഷ് ഇടപ്പുര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരളാ കോൺഗ്രസ് (എം) പാർലമെന്ററി പാർട്ടി സെക്രട്ടറി മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജോയി എബ്രാഹം, ഫ്രാൻസിസ് ജോർജ്ജ്, തോമസ് ഉണ്ണ്യാടൻ, ജോണി നെല്ലൂർ, മാത്യൂസ് സ്റ്റീഫൻ, പ്രൊ. എം.ജെ. ജേക്കബ്, അജിത് മുതിരമല, സജി മഞ്ഞക്കടമ്പിൽ, സാബു കുര്യൻ, വി.ജെ. ലാലി, അഡ്വ. ജോസഫ് ജോൺ, എം. മോനിച്ചൻ, ജോസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.