മൂന്നാർ: മൂന്നാറിലെത്തുന്ന സഞ്ചാരികൾ തണുപ്പിൽ നല്ല ഹോട്ടൽ മുറിയന്വേഷിച്ച് കഷ്ടപ്പെടേണ്ട,​ വെറും നൂറു രൂപ കൊടുത്താൽ കെ.എസ്.ആർ.ടി.സിയുടെ എ.സി ബസിൽ സുഖമായി ഉറങ്ങാം. ട്രെയിനുകളിലെ സ്ലീപ്പർ കോച്ച് മാതൃകയിൽ ഒരാൾക്കു മാത്രം കിടക്കാവുന്ന കമ്പാർട്‌മെന്റുകളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. കിടക്കയും മൊബൈൽ ചാർജിങ് പോർട്ടും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ടാകും. സ്ലീപ്പർ ഒന്നിന് ഒരു രാത്രി 100 രൂപ നിരക്കിൽ വൈകിട്ട് ആറ് മുതൽ പിറ്റേന്ന് ഉച്ചക്ക് 12 വരെ താമസിക്കാം. വാടകയ്ക്ക് തുല്യമായ തുക കരുതൽ ധനമായി നൽകണം. ഒഴിഞ്ഞ് പോകുമ്പോൾ നാശനഷ്ടങ്ങൾ വല്ലതുമുണ്ടെങ്കിൽ അത് ഈടാക്കിയ ശേഷം ബാക്കി തുക തിരികെ നൽകും. മൂന്നാർ ഡിപ്പോയിലാണ് പാർക്ക് ചെയ്യുക. ബസ് ഉപയോഗിക്കുന്നവർക്ക് നിലവിൽ മൂന്നാർ ഡിപ്പോയിലുള്ള ടോയ്ലറ്റ് സൗകര്യം ഉപയോഗിക്കാം. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം പ്രത്യേകമായുള്ള ടോയിലറ്റുകളാണ് അനുവദിക്കുക. ഇതിനായി ടോയിലറ്റുകൾ നവീകരിച്ചു കഴിഞ്ഞു. ഓരോ ഗ്രൂപ്പും മാറുന്നത് അനുസരിച്ച് ബസ് വൃത്തിയാക്കി അണു നശീകരണം നടത്തിയ ശേഷമാകും അടുത്ത ഗ്രൂപ്പിന് നൽകുക. സ്ലീപ്പർ ബസും ടോയ്‌ലെറ്റും വൃത്തിയാക്കുന്നതിനും താമസിക്കുന്നവർക്ക് പുറമെ നിന്നും ഭക്ഷണം വാങ്ങി കൊടുക്കുന്നതിനും ലഗേജ് വാഹനത്തിൽ എടുത്ത് വയ്ക്കുന്നതിനും വേണ്ടി രണ്ട് ക്യാഷ്വൽ ജീവനക്കാരെ നിയമിക്കും. കെ.എസ്.ആർ.ടി.സിയുടെ mnr@kerala.gov.in മെയിൽ ഐഡി വഴിയും 9447813851, 04865230201 എന്നീ ഫോൺ നമ്പർ വഴിയും ബുക്ക് ചെയ്യാം. ഇത് കൂടാതെ ബുക്കിംഗ് ഏജന്റുമാരെ 10% കമ്മീഷൻ വ്യവസ്ഥയിൽ അനുവദിക്കും. സ്ലീപ്പർ ഉപയോഗിക്കുന്ന അതിഥികൾക്ക് ഭക്ഷണം നൽകുന്നതിന് വേണ്ടി അടുത്തുള്ള ഹോട്ടലുമായി ധാരണയുണ്ടാക്കും.