അടിമാലി: ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കോൺഗ്രസ് പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഡീൻ കുര്യാക്കോസ് എം.പി കേരള പിറവി ദിനമായ നവംബർ ഒന്നിന് കട്ടപ്പനയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു. സംസ്ഥാനത്തെമ്പാടും ബാധകമായ ചട്ടങ്ങൾ ഇടുക്കിയിലെ കൃഷിക്കാരുടെയും കച്ചവടക്കാരുടെയും മേൽ നിർമ്മാണ നിരോധനമായി അടിച്ചേൽപ്പിക്കുന്നതിന് പിന്നിൽ എൽ.ഡി.എഫിന് രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ട്. ഭൂപതിവ് ചട്ടങ്ങൾ പരിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇബ്രാഹിംകുട്ടി കല്ലാർ നെടുങ്കണ്ടത്തും ഇ.എം. ആഗസ്തി കട്ടപ്പനയിലും റോയി കെ. പൗലോസ് ചക്കുപള്ളത്തും മുൻ എം.എൽ.എ എ.കെ. മണി അടിമാലിയിലും ഏകദിന ഉപവാസ സമരങ്ങൾ നടത്തിയിരുന്നു. ജില്ലയിലെ എല്ലാ വാർഡുകളിലും പ്രതിഷേധ സമരങ്ങൾ നടന്നു. ജില്ലയിലെ മഴുവൻ ജനതയ്ക്കും ദോഷകരമായ ഭൂപതിവ് ചട്ടങ്ങളുടെ വിഷയത്തിൽ മന്ത്രി എം.എം. മണിക്കും ഇടതുമുന്നണിയിലേക്ക് യു.ഡി.എഫിനെ വഞ്ചിച്ച് ചേക്കേറിയ റോഷി അഗസ്റ്റിനും എന്താണ് പ്രതികരണമെന്ന് ഡി.സി.സി പ്രസിഡന്റ് ചോദിച്ചു.