repostumortem

തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അച്ഛന്റെ മൃതദേഹം രണ്ടു വർഷത്തിനുശേഷം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. തിരുവനന്തപുരം മണക്കാട് കമലേശ്വരം സ്വദേശി ബിജുവിന്റെ മൃതദേഹമാണ് നെയ്യാറ്റിൻകരയിലെ കുടുംബവീട്ടിലെ കുഴിമാടത്തിൽ നിന്ന് പുറത്തെടുത്ത്‌ പോസ്റ്റുമോർട്ടം ചെയ്തത്. കൊലപാതകമാണെന്ന ബന്ധുക്കളുടെ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് സി.ഐ വി.എ. യൂനസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിന്റെ ഭാഗമായി കോടതിയുടെ അനുമതിയോടെയാണ് മൃതദേഹം പുറത്തെടുത്തത്.

മകനെ കൊലപ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും അഭ്യർഥിച്ച് ബിജുവിന്റെ അച്ഛൻ നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതോടെയാണ്‌ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
ഏഴുവയസുകാരനെ കൊലപ്പെടുത്തിയ അരുൺ ആനന്ദ് പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ കാത്ത് കഴിയുകയാണ്. തെളിവ് നശിപ്പിക്കാൻ കൂട്ടു നിന്നതിന് കുട്ടിയുടെ അമ്മ അഞ്ജനയെയും പ്രതിചേർത്തിട്ടുണ്ട്. എന്നാൽ, പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ഇതിൽ തീരുമാനമാകുന്ന മുറയ്ക്ക് കൊലപാതകകേസിന്റെ വിചാരണ തൊടുപുഴ കോടതിയിൽ ആരംഭിക്കുമെന്നാണ് അറിയുന്നത്. കൊലപാതകത്തിനു പുറമെ പ്രത്യേക പോക്‌സോ കേസും അരുൺ ആനന്ദിന് എതിരെയുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയതിനു പിന്നാലെയാണ് ബിജുവിന്റെ മരണത്തിലും വീട്ടുകാർക്ക് സംശയം ഉദിച്ചത്. 2018 മെയ് 23നായിരുന്നു മരണം. തൊടുപുഴ കരിമണ്ണൂരിലെ വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട ബിജുവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. തൊടുപുഴ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം ചെയ്ത ശേഷമാണ് നെയ്യാറ്റിൻകരയിൽ കൊണ്ടുപോയി സംസ്‌കരിച്ചത്. അധികനാൾ കഴിയും മുമ്പ് ഭാര്യ അഞ്ജന രണ്ടു മക്കളുമൊത്ത് ബിജുവിന്റെ ബന്ധു കൂടിയായ അരുൺ ആനന്ദിനൊപ്പം ജീവിതം ആരംഭിച്ചു. മരിച്ച ദിവസം ഭാര്യ പാൽ നൽകിയതായും അവശനിലയിലായ ബിജുവിനെ ആശുപത്രിയിൽ കൊണ്ടു പോകുംവഴി മരിച്ചെന്നുമാണ് ബിജുവിന്റെ വീട്ടുകാരുടെ ആരോപണം. ഇളയകുട്ടിയും ഇപ്രകാരം മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ നൽകിയ പരാതിയിന്മേലാണ് റീപോസ്റ്റുമോർട്ടത്തിന് ഉത്തരവിട്ടത്. നെയ്യാറ്റിൻകര ഡിവൈ.എസ്.പി അനിൽകുമാർ, നെയ്യാറ്റിൻകര തഹസിൽദാർ വിജയൻ, മെഡിക്കൽ കോളേജ് ‌ഫോറൻസിക് ഓഫീസർ ഡോ. ശശികല, നെയ്യാറ്റിൻകര സി.ഐ ശ്രീകുമാരൻ നായർ തുടങ്ങിയവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.