നെടുങ്കണ്ടം: കൊവിഡ് രോഗം സ്ഥിരീകരിച്ച നാല് അന്യസംസ്ഥാന തൊഴിലാളികളും നിരീക്ഷണത്തിലിരുന്ന ഒരു തൊഴിലാളിയും ആരോഗ്യവകുപ്പിനെ വെട്ടിച്ച് കടന്നു. ബൈസൺവാലിയിലെ തോട്ടത്തിൽ രോഗവിവരം മറച്ചെത്തി ഏലതോട്ടത്തിൽ ജോലിക്കിറങ്ങിയ നാല് പേരെയും നിരീക്ഷണത്തിലുണ്ടായിരുന്ന തൊഴിലാളിയെയും രാജാക്കാട്, നെടുങ്കണ്ടം പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പിടികൂടി. ശനിയാഴ്ച വൈകിട്ടാണ് കവുന്തിയിൽ താമസിച്ചിരുന്ന മധ്യപ്രദേശുകാരായ നാല് അന്യസംസ്ഥാന തൊഴിലാളികളുടെ പരിശോധനഫലം പോസിറ്റീവായത്. ഇവിടത്തെ ഒരു തോട്ടത്തിൽ കൊവിഡ് സ്ഥിരീകരിച്ച നാല് തൊഴിലാളികളും ഇന്നലെ ജോലി ചെയ്തു. നാല് പേരെയും പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് പിടികൂടി നെടുങ്കണ്ടത്ത് എത്തിച്ചു. തോട്ടത്തിൽ ഇവരോടൊപ്പം ഇന്നലെ ജോലി ചെയ്ത 25 പേരെയും നിരീക്ഷണത്തിലാക്കി. തോട്ടം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി.