തൊടുപുഴ: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം പവർഹൗസിൽ അടിയ്ക്കടിയുണ്ടാകുന്ന ജനറേറ്റർ തകരാർ വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. ഒന്നാം നമ്പർ ജനറേറ്ററിന്റെ റണ്ണറിനാണ് കഴിഞ്ഞദിവസം തകരാർ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി തന്നെ മൂന്നാം നമ്പർ ജനറേറ്ററിന്റെ വാർഷിക അറ്റകുറ്റപ്പണി തീർത്ത ശേഷം ട്രയൽ റൺ നടത്തുന്നതിനിടെ ഓയിൽ ഒഴിച്ചപ്പോൾ റണ്ണറിൽ വീണ് പുറത്തേക്ക് തെറിക്കുകയായിരുന്നുവെന്നാണ് അധികൃതരുടെ വിശദീകരണം. ജനുവരി 20ന് പൊട്ടിത്തെറിയിൽ പ്രവർത്തനം നിലച്ച രണ്ടാം നമ്പർ ജനറേറ്ററിൽ വീണ്ടും തകരാർ കണ്ടെത്തിയതാണ് മറ്റൊരു തലവേദന. ജനറേറ്ററിന്റെ ഇൻസുലേഷനാണ് തകരാർ. തകരാർ കണ്ടെത്താൻ കൂടുതൽ പരിശോധന ആവശ്യമാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആദ്യഘട്ട മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പിന്നിട്ടതോടെയാണ് വൈദ്യുതി ഉത്പാദനം കൂട്ടിയത്. 14 മുതൽ ഉത്പാദനം നാല് മില്യൺ യൂണിറ്റിൽ നിന്ന് ഇരട്ടിയിലധിമായി വർദ്ധിപ്പിച്ചിരുന്നു. അധികമായി വരുന്ന വൈദ്യുതി പവർഗ്രിഡ് വഴി വിൽപ്പന നടത്തി വരികയുമായിരുന്നു.

'മൂലമറ്റത്തെ വൈദ്യുതി നിലയത്തിൽ തീ പിടിത്തം ഉണ്ടായി എന്ന തരത്തിലുള്ള വാർത്ത ശരിയല്ല. രണ്ടാം നമ്പർ ജനറേറ്ററിന്റെ തകരാർ ചെറുതാണെങ്കിലും കണ്ടെത്തി പരിഹരിക്കാൻ വൈകും. നിലവിൽ ആറ് ജനറേറ്ററുകളിൽ നാലും പ്രവർത്തന സജ്ജമാണ്. ഒരെണ്ണം ഉടൻ തന്നെ പ്രവർത്തിപ്പിക്കാനാകും.

-സിജി ജോസ് (ചീഫ് എൻജിനീയർ, ജനറേഷൻ വിഭാഗം)