മുട്ടം: കൊവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച എസ്. ഐ രാജുവിന്റെ മൃതദേഹം വൈകിട്ട് 4 മണിയോടെ കോളപ്രയിലെ കുടുബ വീട്ടിൽ സംസ്കാരം നടത്തി.അഡീഷണൽ എസ് പി സുരേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പയസ്, തൊടുപുഴ ഡി വൈ എസ് പി സദനൻ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സാബു, വോളന്റിയർ കൺവീനർ പി കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്.

ഔദ്യോഗിക ജീവിതത്തിൽ ജോലി ചെയ്ത സ്റ്റേഷനുകളിലെ സഹപ്രവർത്തകരുടെ സ്നേഹവും അംഗീകാരവും നേടിയെടുക്കാൻ കഴിഞ്ഞു എന്നത് എസ് ഐ രാജുവിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്നു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റൈറ്ററായി ജോലി ചെയ്തതിനു ശേഷമാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എസ് ഐയായി 2017ൽ എത്തിയത്. ഒരു വർഷം സർവീസ് ബാക്കിയുള്ളപ്പോഴാണ് വിധി രാജുവിനെ തട്ടിയെടുത്തത്. കടുത്ത പ്രമേഹം ഇടക്കിടക്ക് അലട്ടുമ്പോഴും അതൊന്നും വകവെയ്ക്കാതെ ജോലി കൃത്യമായി ചെയ്യാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നകാര്യം സഹപ്രവർത്തകർ പറഞ്ഞു.. രാജുവിൻ്റെ കുടുബ വീട് കോള പ്രയിലാണെങ്കിലും വെങ്ങല്ലൂരിലാണ് താമസിച്ചിരുന്നത്. ഭാര്യ മായ തൊടുപുഴയിൽ ഗാല ലേഡീസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുകയാണ്. മകൻ നവനീത് എം ബി ബി എസ് വിദ്യാർത്ഥിയും, മകൾ മാളവിക എൽ എൽ ബി വിദ്യാർത്ഥിനിയുമാണ്.