കാഞ്ഞാർ: നവജാത ശിശുവിനെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. കോട്ടയം അയർക്കുന്നം തേത്തുരുത്തിൽ അമൽ കുമാർ (31). ഭാര്യ അപർണ്ണ (26) എന്നിവരെയാണ് കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അമൽകുമാർ അപർണ്ണ ദമ്പതികൾക്ക് രണ്ട് വയസായ ഒരു കുട്ടിയുണ്ട്. ഇവർ ഒരുവർഷമായി പിണങ്ങി താമസിച്ചുവരികയായിരുന്നു. അകന്ന് കഴിയുന്നതിനിടെ അപർണ വീണ്ടും ഗർഭിണിയായി . ഈ സംഭവത്തിൽ ഇവർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി . രണ്ട് വയസുള്ള കുട്ടിയുള്ളതുകൊണ്ട് ഭാര്യയെ ഉപേക്ഷിക്കാനും ഭർത്താവ് മടിച്ചു. എന്നാൽ ഇവർ തമ്മിൽ ഒരു ധാരണയുണ്ടാക്കി കുട്ടിയുണ്ടാകുമ്പോൾ അനാഥാലയത്തിൽ ഏല്പിക്കാമെന്നും ഒന്നിച്ച് താമസിക്കാമെന്നും തീരുമാനിച്ചു. ഇതിനിടയ്ക്ക് പെരുവന്താനം സ്വദേശിയായ ഒരു യുവാവാണ് ഗർഭത്തിൻ്റെ ഉത്തരവാദിയെന്നും അയാൾ അത്മഹത്യ ചെയ്‌തെന്നും ഭർത്താവിനോട് പറഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെ അപർണ്ണയ്ക്ക് പ്രസവവേദനയുണ്ടാകുകയും സുഹൃത്തിന്റെ വണ്ടിയിൽ ഭാര്യയെ ആശുപത്രിയൽ കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ വച്ച് അപർണ്ണ പ്രസവിച്ചു. ഭർത്താവാണ് വണ്ടി ഓടിച്ചിരുന്നത് . തൊടുപുഴയിൽ അന്വേഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് തൊടുപുഴ പന്നിമറ്റത്തെ സ്ഥലം തെരഞ്ഞെടുക്കുന്നത്. പന്നിമറ്റത്ത് എത്തിയ ഇവർ വഴിയിൽ നിന്നയാളോട് അനാഥാലയത്തിലേയ്ക്കുള്ള വഴി തിരക്കി. അതിന് ശേഷം കടയിൽ നിന്ന് വാങ്ങിയ കത്രിക ഉപയോഗിച്ച് അപർണ്ണ തന്നെ പൊക്കിൾ കൊടിമുറിച്ച ശേഷമാണ് പന്നിമറ്റത്ത് കൊച്ചിനെ ഉപേക്ഷിക്കുന്നത്. തിരിച്ച് പോയ വഴി വണ്ടി കഴുകി വൃത്തിയാക്കി ഉടമയ്ക്ക് കൈമാറുകയും ചെയ്തു. ഞായറാഴ്ച കുട്ടിയെ കണ്ടെത്തിയ ശേഷം പന്നിമറ്റത്തെ സിസിടിവി ദൃശ്യം നോക്കി വണ്ടിയുടെ നമ്പർ മനസിലാക്കി. പിന്നീട് ഞായറാഴ്ച രാത്രിയിൽ തന്നെ കാഞ്ഞാർ പൊലീസ് കോട്ടയത്ത് എത്തി വാഹനത്തിന്റെ ഉടമയെ കണ്ടെത്തി. ഉടമ പറഞ്ഞതനുസരിച്ച് അമൽ കുമാറിനേയും അപർണ്ണയേയും കസ്റ്റഡിയിൽ എടുത്തു. അപർണ്ണയെ അന്നു തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. അമൽ കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും .അപർണ്ണയുടെ കാമുകൻ ആത്മഹത്യ ചെയ്‌തെന്ന വിവരം പോലീസ് വിശ്വസിച്ചിട്ടില്ല.എസ് ഐ.മാരായ പി.ടി.ബിജോയി, ഇസ്മായിൽ, എഎസ്‌ഐ ഉബൈസ് സിവിൽ പോലീസ് ഓഫീസർമാരായ ഷാജഹാൻ, അശ്വതി, കെ.കെ ബിജു, ജോയി, അന‌സ്, ബിജുജോർജ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.