തൊടുപുഴ: കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃത മദ്യവിൽപ്പന നടത്തിയ ബീർ ആന്റ് വൈൻ പാർലറിനെതിരെ കേസെടുത്തു. തൊടുപുഴ റിവർ വ്യൂ ഹോട്ടൽ ലൈസൻസികളായ ഡെന്നീസ് എബ്രഹാം,​ ഡാനി എബ്രഹാം,​ ബാർമാൻ സലിം എന്നിവർക്കെതിരെയാണ് കേസെടുത്തത്. 75,​000 രൂപ പിഴയീടാക്കാൻ എക്സൈസ് കമ്മിഷണർക്ക് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ശുപാർശ ചെയ്തു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം മദ്യവിൽപ്പന നടത്തുകയും ഹോട്ടലിന് സമീപം ഇരുന്ന് കുടിക്കാൻ സൗകര്യമൊരുക്കുകയും ചെയ്തെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അഞ്ച് മണിക്ക് ശേഷം ബിയറിന് 40​ മുതൽ 100 രൂപ വരെ അധിക തുക ഈടാക്കുന്നതായും കണ്ടെത്തി. പുഴയുടെ സമീപത്ത് ഇരുന്ന് മദ്യപിക്കാനുള്ള സൗകര്യമൊരുക്കിയതായും കണ്ടെത്തിയെന്ന് തൊടുപുഴ എക്സൈസ് ഇൻസ്പെക്ടർ എൻ.പി. സുദീപ്കുമാർ പറഞ്ഞു.