ഡ്യൂട്ടിക്കിടെ കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഉദ്യോഗസ്ഥൻ
തൊടുപുഴ: സി.കെ. രാജുവിന്റെ വേർപാടിലൂടെ നാടിനും സേനയ്ക്കും നഷ്ടമായത് നല്ലൊരു മനുഷ്യസ്നേഹിയെയും കർമനിരതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെയും. തന്റെ മുന്നിലെത്തുന്ന ഏതൊരു വ്യക്തിയോടും നിഷ്കളങ്കമായ പുഞ്ചിരിയോടെ സംസാരിക്കുന്ന അദ്ദേഹത്തെ ഒരിക്കൽ പരിചയപ്പെട്ടവരാരും മറക്കില്ല. കടുത്ത പ്രമേഹം അലട്ടുമ്പോഴും ഡ്യൂട്ടിയിൽ അദ്ദേഹം ഒരു വിട്ടുവീഴ്ചയും വരുത്തിയില്ല. ഈ മാസം ആദ്യം കാക്കനാട് നിന്ന് മുക്കുപണ്ട പണയ കേസിൽ റിമാൻഡ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ രാജു ഉൾപ്പെടുന്ന സംഘം പോയിരുന്നു. പിന്നാലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇയാളിൽ നിന്നാകാം രാജുവിനും ഒപ്പം പോയ ഉദ്യോഗസ്ഥർക്ക് മറ്റുള്ളവർക്കും രോഗം വന്നതെന്നതാണ് സംശയിക്കുന്നത്. അടുത്ത വർഷം മേയിൽ വിരമിക്കാനിരിക്കെയാണ് രാജുവിനെ കൊവിഡ് തട്ടിയെടുക്കുന്നത്. ജില്ലയിലെ വിവിധ സ്‌റ്റേഷനുകളിൽ റൈറ്ററായി ജോലി ചെയ്തതിനു ശേഷം 2017ലാണ് തൊടുപുഴ പൊലീസ് സ്റ്റേഷനിൽ അഡീഷണൽ എസ്.ഐയായി രാജുവെത്തുന്നത്. കുറ്റമറ്റ രീതിയിൽ കേസ് എഴുതുന്നതിൽ കഴിവ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സ്റ്റേഷനിലെ രേഖകൾ വ്യവസ്ഥാപിതമായി സൂക്ഷിക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു. ഇപ്പോൾ വെങ്ങല്ലൂരിൽ താമസിക്കുന്ന രാജുവിന്റെ കുടുബ വീട് കോളപ്രയിലാണ്. നിലവിലുള്ള വീട് വിറ്റ് പുതിയത് വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് കൊവിഡ് ബാധിക്കുന്നത്. പുതിയ വീടെന്ന സ്വപ്നം ബാക്കിയാക്കിയാണ് രാജു യാത്രയാകുന്നത്.
കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്ന സംസ്‌കാര ചടങ്ങുകൾ കണ്ണീരണിയിപ്പിക്കുന്നതായിരുന്നു. അഡീഷണൽ എസ് പി സുരേഷ് കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പയസ്, തൊടുപുഴ ഡി വൈ എസ് പി സദനൻ പൊലീസിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തു. ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ സാബു, വോളന്റിയർ കൺവീനർ പി കെ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്ക്കാര ചടങ്ങുകൾ നടത്തിയത്. രാജുവിന്റെ ഭാര്യ മായ തൊടുപുഴയിൽ ഗാല ലേഡീസ് കളക്ഷൻസ് എന്ന സ്ഥാപനം നടത്തുകയാണ്. മക്കൾ: നവനീത് (എം.ബി.ബി.എസ് വിദ്യാർഥി), മാളവിക (എൽ.എൽ.ബി വിദ്യാർത്ഥിനി).