തൊടുപുഴ: വീടുകൾ അക്ഷര മുറ്റങ്ങളായി, കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കടന്നു. കൊവിഡ് രോഗ വ്യാപന ഭീതി ഒഴിയാത്തതിനാൽ ഭൂരിഭാഗം സ്ഥലങ്ങളിലും കുരുന്നുകൾ ആദ്യക്ഷരം കുറിച്ചത് വീടുകളിലായിരുന്നു. എഴുത്തിനിരുത്തൽ ചടങ്ങ് നടന്ന ക്ഷേത്രങ്ങളിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. പതിവിൽ നിന്ന് വ്യത്യസ്തമായി ആചാര്യന്മാർക്ക് പകരം രക്ഷിതാക്കൾ തന്നെയാണ് കുരുന്നുകളുടെ നാവിൽ ആദ്യക്ഷരം കുറിച്ചത്. ക്ഷേത്രങ്ങളിൽ നിന്ന് പൂജിച്ച അരി വീടുകളിലേക്ക് നൽകിയിരുന്നു. ആയിരക്കണക്കിന് പേർ എല്ലാ വർഷവും ഹരിശ്രീ കുറിക്കുന്ന ക്ഷേത്രങ്ങളിലടക്കം വിരലിലെണ്ണാവുന്നവർ മാത്രമാണെത്തിയത്.