ചെറുതോണി: വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ ശുദ്ധജലമെത്തിക്കുന്നതിനായി രണ്ട് പതിറ്റാണ്ട് മുമ്പ് ആരംഭിച്ച ജപ്പാൻ കുടിവെള്ള പദ്ധതി പാതി വഴിയിൽ നിലച്ചു. ചെറുതോണി അണക്കെട്ടിന് സമീപം സ്ഥാപിച്ചിരിക്കുന്ന വാട്ടർ ടാങ്കിൽ നിന്ന് മോട്ടറിന്റെയോ, ജനറേറ്ററിന്റെയോ സഹായമില്ലാതെ വാഴത്തോപ്പ്, കഞ്ഞിക്കുഴി പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന രീതിയിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. ചെറുതോണി, വഞ്ചിക്കവല, പേപ്പാറ വഴി വാഴത്തോപ്പിലേക്കും, തുടർന്ന് കഞ്ഞിക്കുഴി പഞ്ചായത്തിലേക്കും പെൻസ്റ്റോക്ക് മോഡലിലുള്ള പൈപ്പ് വലിക്കാനായിരുന്നു തീരുമാനം. ഇതിനായി കോടിക്കണക്കിന് രൂപ ചിലവഴിച്ച് പൈപ്പ് വാങ്ങിക്കുകയായിരുന്നു. തുടർന്ന് ഒന്നാം ഘട്ട നിർമ്മാണ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി വെള്ളം സംഭരിക്കുന്നതിന് കേശമുനി മണിയാറൻകുടി, പെരുങ്കാലാ, നെല്ലിപ്പുഴക്കവല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കുകയും ഇത്തരം പ്രദേശങ്ങളിൽ നിന്ന് ഉയർന്ന സ്ഥലത്തേക്ക് വെള്ളം പമ്പു ചെയ്യുന്നതിനായി ലക്ഷങ്ങൾ മുടക്കി മോട്ടോർ പമ്പു സെറ്റുകളും വാങ്ങിയിരുന്നു. ഒന്നാം ഘട്ടം നിർമ്മാണ പൂർത്തീകരണം നടന്ന തോട് കൂടി പരീക്ഷണ അടിസ്ഥാനത്തിൽ വെള്ളം പമ്പിംഗ് ആരംഭിച്ചങ്കിലും നിലവാരമില്ലാത്ത പൈപ്പ് ഉപയോഗിച്ചത് മൂലം നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി തുടർ പ്രവർത്തനങ്ങൾ പാതി വഴിയിൽ നിലക്കുകയായിരുന്നു. വാട്ടർ അതോറിറ്റിയിൽ ജോലിയും സൗജന്യമായി കുടിവെള്ളവും നല്കാമെന്നും വാഗ്ദാനം ചെയ്ത് പമ്പ് ഹൗസും, വാട്ടർ ടാങ്കും നിർമ്മിക്കുന്നതിന് പലരിൽ നിന്നും സൗജന്യമായാണ് ഭൂമി എഴുതി വാങ്ങിയത്. പരീക്ഷണ അടിസ്ഥാനത്തിൽ വെള്ളം പമ്പിംഗ്ആരംഭിച്ച ദിവസം തന്നെ ഗുണമേന്മയില്ലാതെ പൈപ്പ് പൊട്ടുകയും, നിർമ്മാണം പൂർത്തിയായ ടാങ്കുകളിലേക്ക് വെള്ളം എത്തിക്കാൻ കഴിയാതെ വരികയുമായിരുന്നു. തുടർന്ന് നിർമ്മാണ ചുമതലയുള്ള കരാറുകാരന് പണം നൽകിയില്ല എന്ന കാരണം പറഞ്ഞ് പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. ഇതോടെ രണ്ട് പഞ്ചായത്തുകളിലായി ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതിയാണ് തുടക്കത്തിൽ തന്നെ നിലച്ചത് . പദ്ധതിക്കായി വാങ്ങിയ മോട്ടോറും, പമ്പു സെറ്റുകളുമെല്ലാം വിവിധ ഇടങ്ങളിലായി തുരുമ്പെടുത്ത് നശിക്കുകയാണ്. ജലവിതരണ വകുപ്പിന് കീഴിൽ ജപ്പാൻ സർക്കാരിന്റെ സഹായത്തോടെ ആവിഷ്‌കരിച്ച ഈ പദ്ധതിയുടെ തുടർ നിർമ്മാണം നിലച്ചിട്ട് ഇപ്പോൾ രണ്ട് പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുകയാണ്.