തൊടുപുഴ: തലയ്ക്ക് മുറിവേറ്റ് ജില്ലാ ആശുപത്രിയിലെത്തിയ ഒമ്പതുവയസുകാരന്റെ പിതാവിനോട് ജീവനക്കാരൻ മോശമായി പെരുമാറുകയും ചികിത്സ നിഷേധിക്കുകയും ചെയ്തെന്ന് പരാതി. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് വീട്ടിൽ കളിക്കുന്നതിനിടെ സ്ലാബിൽ തലയിടിച്ച് പരിക്കേറ്റ മകൻ സാബിതുമായി കുമ്പംകല്ല് ചൂരവേലിൽ സക്കീർ ഹുസൈൻ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തുന്നത്. ഡ്യൂട്ടി ഡോക്ടർ പരിശോധിച്ച ശേഷം തല ഡ്രസ് ചെയ്യാനായി പറഞ്ഞുവിട്ടു. ഡ്രസിംഗ് റൂമിലെത്തിയപ്പോൾ സമീപത്തെ ടേബിളിൽ കുട്ടിയെ കിടത്താൻ അറ്റൻഡർ പിതാവിനോട് ആവശ്യപ്പെട്ടു. എന്നാൽ ടേബിളിൽ നിറയെ ചോരയും സമീപത്ത് നിറയെ മാലിന്യവും നിറഞ്ഞ് കിടക്കുന്നത് കണ്ട് പിതാവ് ഇത് വൃത്തിയാക്കണമെന്ന് ആവശ്യപ്പട്ടു. എന്നാൽ ഇതിന് തയ്യാറാകാതെ ജീവനക്കാരൻ മോശമായി പെരുമാറിയെന്നാണ് പരാതി. ടേബിൾ വൃത്തിയാക്കാനാകില്ലെന്നും കുട്ടിയെ അവിടെ തന്നെ കിടത്തിയില്ലെങ്കിൽ ഡ്രസ് ചെയ്യില്ലെന്നും ജീവനക്കാരൻ പറഞ്ഞു. തുടർന്ന് സക്കീർ ആശുപത്രിയിൽ തന്നെയുള്ള പൊലീസ് എയ്ഡ് പോസ്റ്റിലെത്തി പരാതി പറഞ്ഞു. പിറ്റേന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറയാനായിരുന്നു ലഭിച്ച മറുപടി. മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും സക്കീർ പരാതി നൽകാനൊരുങ്ങുകയാണ് . അതേസമയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.