
തൊടുപുഴ: അപ്രോച്ച് റോഡ് നിർമ്മാണം വൈകുന്നതിനെത്തുടർന്ന് ഗതാഗതത്തിന് തുറന്ന് നൽകാതിരുന്ന മാരിയിൽകലുങ്ക് പാലത്തിന്റെ തടസങ്ങൾ നീങ്ങുന്നു. അപ്രോച്ച് റോഡ് നിർമാണത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശവാസികളുമായി തർക്കങ്ങൾ നിലനിന്നിരുന്നു. പ്രധാനമായും പ്രദേശത്തെ ഗുരുദേവ മന്ദിരത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. റോഡരികിൽ എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖയ്ക്ക് സ്വന്തമായ അഞ്ച് സെന്റ് സ്ഥലത്താണ് ഗുരുദേവമന്ദിരം സ്ഥിതി ചെയ്യുന്നത്. അപ്രോച്ച് റോഡ് യാഥാർത്ഥ്യമായാൽ ഗുരുദേവപ്രതിമയിരിക്കുന്ന ഭാഗമുൾപ്പെടെ മന്ദിരത്തിന്റെ രണ്ട് സെന്റ് സ്ഥലം നഷ്ടപ്പെടും. എന്നാൽ പ്രദേശത്തിന്റെയാകെ വികസനത്തിന് കാരണമാകുന്ന റോഡിന് വേണ്ടി സ്ഥലം വിട്ടുനൽകുന്നതിൽ ബുദ്ധിമുട്ടില്ലെന്നും എന്നാൽ നഷ്ടമാകുന്ന ഗുരുദേവ മന്ദിരത്തിനായി പകരം സ്ഥലം നൽകണമെന്നുമായിരുന്നു പ്രദേശത്തെ ശ്രീനാരായണീയരുടെ നിലപാട്. ശാഖയിലെ നിർദ്ധനരായ നിരവധി ശ്രീനാരായണീയരുടെ ദീർഘനാളത്തെ അധ്വാനത്തിന്റെ ഫലമാണ് കാഞ്ഞിരമറ്റത്തെ ഗുരുദേവമന്ദിരം. ഒരു നിമിഷം അത് ഇല്ലാതായാൽ പകരമൊന്ന് സ്ഥലം വാങ്ങി നിർമിക്കുക അസാധ്യമാണ്. അതിനാൽ ഗുരുദേവമന്ദിരം നിർമിക്കാൻ അനുയോജ്യമായ ഒരു സ്ഥലം നൽകണമെന്നായിരുന്നു ശാഖാ ഭാരവാഹികളുടെ ആവശ്യം. നീണ്ട നാളത്തെ ചർച്ചകൾക്കൊടുവിൽ പി.ജെ. ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ ഗുരുദേവമന്ദിരത്തോട് ചേർന്ന് തന്നെ രണ്ട് സെന്റ് സ്ഥലം ശാഖയ്ക്ക് വാങ്ങി നൽകാമെന്ന് ധാരണയിലായിട്ടുണ്ട്. ഇതിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ തീരുമാനമായാൽ ശാഖ സ്ഥലം വിട്ടുനൽകും.
പാലം കടക്കാനുള്ള കാത്തിരിപ്പ്
യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് ആറരകോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പ് ഇവിടെ പാലം നിർമ്മിച്ചത്. നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് നിർമിച്ച പാലത്തിൽ നിന്ന് കാഞ്ഞിരമറ്റം റോഡിലേക്കും അവിടെ നിന്ന് കാരിക്കോട് ഭാഗത്തേക്കും ബൈപാസ് നിർമിക്കാനും ലക്ഷ്യമിട്ടിരുന്നു. തൊടുപുഴ ഭാഗത്തു നിന്ന് കാഞ്ഞിരമറ്റത്തേക്കുള്ള ദൂരം ഒരു കിലോമീറ്ററോളം കുറയ്ക്കുന്നതാണ് പാലം. ഇടുക്കി റോഡിൽ നിന്ന് വരുന്ന വാഹനയാത്രക്കാർക്ക് ഇതുവഴി കാഞ്ഞിരമറ്റം ക്ഷേത്രം, തെക്കുംഭാഗം, അഞ്ചിരി, ഇടവെട്ടി, ആലക്കോട് തുടങ്ങിയ ഭാഗങ്ങളിലേക്ക് എളുപ്പം കടന്നു പോകാനും സാധിക്കും.
'സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാത പഠനവും സർവേ നടപടികളും പൂർത്തിയാക്കി. വീടുകളൊന്നും നഷ്ടമാകുന്നില്ലാത്തതിനാൽ ആരെയും മാറ്റി പാർപ്പിക്കേണ്ട സാഹചര്യമില്ല. ഇനി ജില്ലാകളക്ടർ 11(1) നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണം. ഇതിന് ശേഷം എത്രയും വേഗം നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണത്തിന് പി.ഡബ്ല്യു.ഡിക്ക് കൈമാറും."
-കെ.പി. ദീപ (തഹസിൽദാർ, ലാൻഡ് അക്വിസിഷൻ)
'പാലം യാഥാർത്ഥ്യമാകുന്നതിന് വേണ്ടി ഏറെ പരിശ്രമിച്ചവരാണ് ഞങ്ങൾ. പ്രദേശത്തിന്റെ വികസനത്തിന് വേണ്ടി എത്ര സ്ഥലം വിട്ടുനൽകുന്നതിന് മടിയുമില്ല. എന്നാൽ പ്രദേശത്തെ ശ്രീനാരായണീയരുടെ ഏക ആശ്രയമായ ഗുരുദേവമന്ദിരത്തിന് പകരമൊരു സ്ഥലം നൽകണം."
-എം.കെ. വിശ്വംഭരൻ (എസ്.എൻ.ഡി.പി യോഗം കാഞ്ഞിരമറ്റം ശാഖാ പ്രസിഡന്റ്)