ഇടുക്കി: കൊവിഡ് പ്രതിസന്ധിയിൽപ്പെട്ട് തകർന്ന് കൊണ്ടിരിക്കുന്ന വ്യാപാരമേഖലയെ സംരക്ഷിക്കണമെന്നും,കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വ്യാപാരദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രക്ഷോഭ സമര പരിപാടികൾ ആരംഭിക്കും.കണ്ടയ്‌മൈന്റ്‌സോണുകൾ, മൈക്രോകണ്ടയ്‌മൈന്റ്‌സോണുകളാക്കി മാറ്റുക, കടകൾ തുറക്കുന്നതിനും അടക്കുന്നതിനുമുള്ള സമയക്രമംകേരളത്തിൽ ഒരുപോലെ നടപ്പിലാക്കുക, സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ അനാവശ്യ കടന്ന് കയറ്റം അവസാനിപ്പിക്കുക, അനധികൃത വഴിയോര വാണിഭങ്ങൾ നിരോധിക്കുക, ലൈസൻസ് ഫീസിലെ വൻതോതിലുള്ള ഫൈൻ ഒഴിവാക്കുക, പുതുക്കിയ വാടകക്കുടിയാൻ നിയമം ഉടൻ നടപ്പിലാക്കുക,റോഡ് വികസനത്തിന്റെപേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, തുടങ്ങി പതിനൊന്ന് ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് സമരം. ഇതിനെല്ലാം ഉടനടി പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നവംബർ മൂന്നിന് രാവിലെ പത്ത് മണി മുതൽ പന്ത്ര് മണി വരെ സംസ്ഥാന വ്യാപകമായ് പതിനായിരംകേന്ദ്രങ്ങളിൽ വ്യാപാരികൾ സൂചനാ പ്രതിഷേധ ധർണ്ണ നടത്തും. അഞ്ച്‌പേരടങ്ങുന്ന അംഗങ്ങൾ സംഘമായ് തിരിഞ്ഞ് യൂണിറ്റുകളിലെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലും, പ്രധാന ജംഗ്ഷനുകൾകേന്ദ്രീകരിച്ചും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ധർണ്ണ നടത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് ടി. നസ്സിറുദ്ദീനും, ജനറൽ സെക്രട്ടറി രാജു അപ്സരയും അറിയിച്ചു.