
ചെറുതോണി: വനഭൂമികളോട് ചേർന്നുള്ള ഒരു കിലോമീറ്റർ ആകാശദൂരം ജനവാസമേഖലകളെ ബഫർസോണാക്കി മാറ്റി പരിസ്ഥിതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുള്ള അപ്രായോഗികവും ജനദ്രോഹപരവുമായ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: കെ.എം.ജോർജ്ജ് ആവശ്യപ്പെട്ടു.
ഭൂപതിവ് നിയമ ഭേദഗതിയാവശ്യപ്പെട്ട് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം നടത്തി വരുന്ന റിലേ സത്യാഗ്രഹത്തിന്റെ 64ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എംന്റെ രാഷ്ട്രീയാടിത്തറ ദുർബലമായതിനാലും ജനമനസുകളിൽ നിന്നും ഇടതുമുന്നണി പുറത്തുപോയതിനാലുമാണ് മുമ്പൊരിക്കലും ഉണ്ടാകാത്തതുപോലെ ജോസ് കെ.മാണിയുടെ പാർട്ടിയെ പെട്ടെന്ന് ഇടതുമുന്നണിയിലെടുത്തതെന്നും കെ.എം.ജോർജ്ജ് പറഞ്ഞു.
സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വി.എ. ഉലഹന്നാൻ, നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ജില്ലാ സെക്രട്ടറി പ്രദീപ് ജോർജ്ജ് എന്നിവർ സത്യാഗ്രഹമനുഷ്ടിച്ചു.
യു.ഡി.എഫ് ജില്ലാ കൺവിനർ പ്രൊഫ. എം.ജെ.ജേക്കബ്, മുൻ എം.എൽ.എ. മാത്യു സ്റ്റീഫൻ, കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ഉന്നതാധികാര സമിതിയംഗം അഡ്വ: തോമസ് പെരുമന, കർഷകയൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ, യൂത്ത്ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് സിജോ ഇലന്തൂർ, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോയി തോമസ് കാട്ടുപാലം എന്നിവർ പ്രസംഗിച്ചു.