തൊടുപുഴ : ഹരിതകർമ്മസേനയെ സ്വയം സജ്ജരാകാൻ സഹായിക്കുന്നതിനായി ജില്ലയിൽ ഇനി മുതൽ കുടംബശ്രീ മെന്റർമാരുടെ സേവനവുമുണ്ടാകും.ജില്ലയിലെ 33 പഞ്ചായത്തുകളിലായി 13 മെന്റർമാരെ(മാർഗദർശികൾ)യാണ് കുടുംബശ്രീ മിഷൻ നിയോഗിച്ചിട്ടുള്ളത്. ഹരിതകർമ്മ സേനയെ സംരംഭ മാതൃകയിൽ വികസിപ്പിച്ചെടുത്ത് സ്വന്തം കാലിൽ നിൽക്കുന്നതിന് പ്രാപ്തരാക്കുകയെന്നതാണ് മെന്റർമാരുടെ പ്രാഥമിക കർത്തവ്യം. കുടുംബശ്രീയുമായി ഒത്തുചേർന്നു പ്രവർത്തിക്കുന്ന, ഹരിത സഹായ സ്ഥാപനങ്ങളുടെ സേവനം ലഭ്യമല്ലാത്ത പഞ്ചായത്തുകളിലാണ് ഇവരെ നിയോഗിച്ചിട്ടുള്ളത്.
മൂന്ന് പഞ്ചായത്തുകൾക്ക് ഒരാൾ എന്ന നിലയിലാണ് മെന്റർമാരുടെ സേവനം ലഭ്യമാകുക. തദ്ദേശസ്ഥാപനങ്ങളുമായുള്ള ബന്ധം ദൃഢമാക്കുന്നതു കൂടി ലക്ഷ്യമിട്ടാണ് മെന്റർമാരുടെ നിയോഗം.
നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ സംരംഭങ്ങളായി ഹരിതകർമ്മ സേനയെ വളർത്തിയെടുക്കുന്നതിനൊപ്പം വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമൊക്കെ യൂസർഫീ കൃത്യമായി ശേഖരിക്കുക,ബുക്ക് കീപ്പിംഗ് ജോലികൾ നിർവഹിക്കുക തുടങ്ങിയ ജോലികളെല്ലാം കുറ്റമറ്റനിലയിൽ ചെയ്യുന്നതിന് ഹരിതകർമ്മ സേനയുടെ സഹായമായി മെന്റർമാരുണ്ടാകും.ജില്ലയിലെ മെന്റർമാർക്ക് ഹരിതകേരളം മിഷനുമായി ചേർന്ന് പ്രാഥമിക പരിശീലനം നൽകിയിരുന്നു.
മെന്റർമാരുടെ സേവനം 33 പഞ്ചായത്തുകളിൽ
ചിന്നക്കനാൽ, ശാന്തമ്പാറ,പള്ളിവാസൽ,ബൈസൺവാലി,വെള്ളത്തൂവൽ,രാജകുമാരി,സേനാപതി, ഉടുമ്പഞ്ചോല,കരുണാപുരം,വണ്ടന്മേട്,ചക്കുപള്ളം,വണ്ടിപ്പെരിയാർ,പീരുമേട്, ഉപ്പുതറ, അയ്യപ്പൻകോവിൽ,കാഞ്ചിയാർ, ഇരട്ടയാർ,വാത്തിക്കുടി, കാമാക്ഷി, മരിയാപുരം,കഞ്ഞിക്കുഴി,വണ്ണപ്പുറം, കോടിക്കുളം,ഉടുമ്പന്നൂർ, കരിമണ്ണൂർ,ആലക്കോട്,വെള്ളിയാമറ്റം, ഇടവെട്ടി,കുമാരമംഗലം,മണക്കാട്, പുറപ്പുഴ, മുട്ടം ,കരിങ്കുന്നം ഗ്രാമപ്പഞ്ചായത്തുകളിലാണ് മെന്റർമാരെ നിയോഗിച്ചത്.ഈ പഞ്ചായത്തുകളിലെല്ലാം ഹരിതകർമ്മ സേനയ്ക്ക് ആരംഭിക്കാൻ കഴിയുന്ന വിവിധ മൈക്രോ എന്റർപ്രൈസസുകളുടെ രൂപരേഖ തയ്യാറാക്കി വരികയാണെന്ന് കുടുംബശ്രീ അസി. ജില്ലാ കോ.ഓർഡിനേറ്റർ പി എ ഷാജിമോൻ പറഞ്ഞു.ജൈവവള നിർമ്മാണം,കാരിബാഗ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം,ടേയ്ക്ക് എ ബ്രേക്ക് പരിപാലനം,പ്രകൃതി സൗഹൃദ ബദലുകൾ വാടകയ്ക്ക് നൽകൽ, ഫൂഡ് സർവ്വീസ്,സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ സംരംഭങ്ങളാണ് പരിഗണിക്കുന്നത്. ഓരോ പഞ്ചായത്തിലെയും പ്രാദേശിക സവിശേഷതകൾക്കനുസൃതമായി ഇവയെ തിരഞ്ഞെടുത്ത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.