house
ആക്രമിക്കപ്പെട്ട വീട്


40 പവനും 3ലക്ഷം രൂപയും കവർന്നതായി പരാതി
ശാന്തൻപാറ:സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് വൃദ്ധയുടെ വീടിന് നേരെ പതിനഞ്ച് അംഗ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. വീടും, വീട്ടുപകരണങ്ങളും തകർത്ത് 40 പവൻ സ്വർണ്ണവും 3 ലക്ഷം രൂപയും കവർന്നതായി പരാതി. പന്തടിക്കളം സ്വദേശിനി ജലീന മേരി ഗിൽബർട്ടിന്റെ വീടാണ് ആക്രമിച്ചത്. അക്രമിസംഘത്തിലെ നാല് പേരെ ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തു. രാജാക്കാട്, ശാന്തൻപാറ സ്വദേശികളായ ആദർശ് (35), ജോസഫ് (43), വിജയൻ (61), ആഷിക് (21) എന്നിവരാണ് അറസ്റ്റിലായത്.ശനിയാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്നരയോടെയാണ് ആക്രമണം ഉണ്ടായത്. വിജയന്റെ നേതൃത്വത്തിൽ എത്തിയ സംഘം ജെലീനയുടെ വീട് ആക്രമിക്കുകയും കട്ടിലും മേശയും അടുക്കള ഉപകരണങ്ങളും, വാട്ടർ ടാങ്കും ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ അടിച്ചും, കല്ലെറിഞ്ഞും തകർക്കുകയായിരുന്നു. ജനാലകളും, മുറ്റത്തി നിർത്തിയിട്ടിരുന്ന ബൈക്കും തകർക്കുകയും, തുണി, പാചകവാത സിലിണ്ടർ, ഗ്യാസ് സ്റ്റവ് തുടങ്ങിയവ നശിപ്പിക്കുകയും ചെയ്തു. ഏലക്കാ വിറ്റ് കിട്ടിയ മൂന്ന് ലക്ഷം രൂപയും മരുമക്കളുടെ 40 പവൻ സ്വർണ്ണാഭരണങ്ങളും വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്നത് സംഭവത്തെ തുടർന്ന് കാണാതായി. ആക്രമണം നടന്നപ്പോൾ ജലീനയും, അഞ്ച് വയസുള്ള പേരക്കുട്ടിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുട്ടിയെയും എടുത്തുകൊണ്ട് ഇവർ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. തുടർന്ന് ഫോണിൽ ബന്ധുക്കളെ വിവരമറിയിച്ചു. ഇവർ അറിയിച്ചതനുസരിച്ച് ശാന്തൻപാറ പൊലീസ് എത്തി നടപടി സ്വീകരിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. ബാക്കി പ്രതികൾക്കായി അന്വേഷണം നടക്കുകയാണ്.