ഒരാൾ ഓടി രക്ഷപ്പെട്ടു

അടിമാലി: മൊത്തക്കച്ചവടക്കാർക്ക് കൈമാറാനായി ഓാോറിക്ഷയിൽ സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിലായി. നാർകോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ റെയ്ഡിൽ അടിമാലി പഞ്ചായത്ത് ഓഫീസിന് സമീപം 4.1 കിലോ ഉണക്ക കഞ്ചാവുമായി പണിക്കൻ കുടി വട്ടിക്കാട്ട് ആൽബിൻ ജോസഫ് (26) പിടിയിലായത്. ഒപ്പമുണ്ടായിരുന്ന മുള്ളരിക്കുടി പാറശ്ശേരിൽ രാജേഷ് രവീന്ദ്രൻ ഓടി രക്ഷപെട്ടു..
ഇന്നലെ രാവിലെ ഒൻപത് മണിയോടു കൂടി എറണാകുളം ഭാഗത്ത് നിന്നും വരുന്നയാൾക്കു കൊടുക്കുന്നതിനായി ഓട്ടോറിക്ഷയിൽ രഹസ്യമായി കഞ്ചാവു സൂക്ഷിച്ചു വച്ച് കാത്തുനിൽക്കുന്നതിനിടെയാണ് പിടിയിലായത്. കമ്പത്ത് നിന്നും കാട്ടിലൂടെ തലച്ചുമടായി അതിർത്തി കടത്തിക്കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. 12000 രൂപയ്ക്ക് കിട്ടിയ കഞ്ചാവ് കിലോഗ്രാമിന് മുപ്പതിനായിരം രൂപയ്ക്കാണ് വിറ്റിരുന്നത്. ഒരു മാസത്തിലധികമായി രണ്ടു പേരും എക്‌സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു രാജേഷ് രവീന്ദ്രൻ മുമ്പ് കഞ്ചാവു കേസിൽ എറണാകുളത്ത് പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആൽബിനും മുമ്പ് കഞ്ചാവു കേസിൽ പ്രതിയായിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രാജേഷിനു വേണ്ടി വ്യാപകമായ അന്വേഷണം നടത്തുന്നു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം കെ പ്രസാദിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ടി. വി സതീഷ്, കെ എസ് അസ്സീസ്, സി ഇ ഒ മാരായ സാന്റി തോമസ്, കെ എസ് മീരാൻ, ഹാരിഷ് മൈതീൻ, സച്ചു ശശി, ശരത് എസ് പി എന്നിവർ പങ്കെടുത്തു.