pinarai
കട്ടപ്പന ഗവ.കോളേജിൽ പുതുതായി നിർമ്മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനവും കിഫ്ബി മുഖേനയുള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കുന്നു.

കട്ടപ്പന: നിലവാരമുള്ള പഠനാന്തരീക്ഷവും ഗുണമേൻമയുള്ള വിദ്യാഭ്യാസവും സർക്കാർ ഒരുക്കി നല്കുന്നതിലൂടെ കലാലയങ്ങൾ ഉന്നത നിലവാരത്തിലേയ്ക്ക് എത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കട്ടപ്പന ഗവ.കോളേജിൽ പുതുതായി നിർമ്മിച്ച ലൈബ്രറി ബ്ലോക്ക്, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനവും കിഫ്ബി മുഖേനയുള്ള പദ്ധതികളുടെ നിർമ്മാണോദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോളേജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും അക്കാദമിക് വികസനത്തിനും കിഫ്ബി മുഖേന 700 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നല്കി. ഒരു വിദ്യാർത്ഥിയെ മികച്ച മനുഷ്യനായി മാറ്റുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം.
ലോകോത്തര നിലവാരത്തിലുള്ള കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് റൂമുകൾ, ലബോറട്ടറികൾ, ലൈബ്രറികൾ, പെൺകുട്ടികൾക്കായി ഹോസ്റ്റൽ, സൗരോർജ്ജ ലാബുകൾ, കമ്മ്യൂണിറ്റി സ്‌കിൽ സെന്ററുകൾ എന്നിവയെല്ലാം കലാലയങ്ങൾ ഉന്നത നിലവാരത്തിലേയ്‌ക്കെത്തുന്നതിന്റെ ഭാഗമാണ്. കേരളത്തിന്റെ ഡിജിറ്റൽ വിദ്യാഭ്യാസ രീതി രാജ്യത്തിന് മാതൃകയെന്നത് അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി.ജലീൽ അദ്ധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി മുഖ്യ പ്രഭാഷണം നടത്തി.
ഉദ്ഘാടന ഭാഗമായി ഗവ.കോളേജിൽ നടന്ന പ്രാദേശിക യോഗത്തിൽ കിഫ്ബി പദ്ധതികളുടെ ശിലാസ്ഥാപന കർമ്മം കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ഇൻചാർജ് ഡോ.വി.കണ്ണൻ സ്വാഗതമാശംസിച്ചു. വാർഡ് കൗൺസിലർ മഞ്ജു സതീഷ്, മുൻ പ്രിൻസിപ്പാൾ ഡോ.ഒ.സി.അലോഷ്യസ്, പി ഡബ്ലു ഡി
എക്സിക്യൂട്ടീവ് എഞ്ചിനീയർ മറിയാമ്മ , കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. എസ്.എസ്.ധർമ്മരാജൻ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ആർ. സജി, ജോയി പൊരുന്നോലിൽ, ഷാജി നെല്ലിപ്പറമ്പിൽ, പിറ്റിഎ പ്രസിഡന്റ് ജോസഫ് മാണി, കോളേജ് യൂണിയൻ പ്രതിനിധി ടോണി കുര്യാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
പരമ്പരാഗത കേരളീയ ശൈലിയിൽ നാലുകെട്ട് മാതൃകയിൽ 5.37 കോടി രൂപ ചെലവഴിച്ച് രണ്ട് നിലകളിലായിട്ടാണ് ആധുനിക സൗകര്യങ്ങളോടെ ലൈബ്രറി ബ്ലോക്ക് നിർമ്മിച്ചിരിക്കുന്നത്. വിശാലമായ റെഫറൻസ് ഹാൾ, ഡിജിറ്റൽ ലൈബ്രറി ഹാൾ, റീഡിംഗ് റൂം, ഗവേഷക വിദ്യാർത്ഥികൾക്കായി പ്രത്യേക റെഫറൻസ് വിഭാഗം, റിപോഗ്രാഫിക് സെന്റർ, വിവിധ വിഷയങ്ങളിലായി 40000 പുസ്തകങ്ങൾ, 5000 റെഫറൻസ് ബുക്കുകൾ, 130 ൽ അധികം ജേർണലുകൾ, 200 പേർക്ക് ഇരിക്കാവുന്ന വൈഫൈ സൗകര്യമുള്ള കോൺഫറൻസ് ഹാൾ എന്നീ സൗകര്യങ്ങളുണ്ട്.2.55 കോടി രൂപാ മുടക്കി 3 നിലകളിലുള്ള 2 കെട്ടിടങ്ങളിലായാണ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്.